Thursday, December 24, 2009

പത്രരംഗത്തെ കോമാളി ഗോപുരങ്ങള്



പണം കൊടുത്ത് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനെ അപലപിച്ചു കൊണ്ട് കഴിഞ്ഞദിവസം ചേര്‍ന്ന എഡിറ്റേഴേസ് ഗില്‍ഡ് പ്രസ്താവന പുറത്തിറക്കി. മലയാളം പത്രങ്ങള്‍ ആ വാര്‍ത്ത പൂര്‍ണ്ണമായും അവഗണിച്ചു.'ദ ഹിന്ദു' മാത്രം അത് ഒന്നാം പേജില്‍
പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.




രാജു നരഷെട്ടി

സി.എന്‍.എന്‍- ഐ.ബി.എന് ചീഫ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയാണ ്ഗില്‍ഡിന്റെ പ്രസിഡന്റ്. ബിസ്സിനസ്സ് സ്റ്റാന്‍ഡേര്‍ഡിന്റെ എഡിറ്റര്‍ ടി.എന്‍ നൈനാന്‍, മെയിന്‍ സ്ട്രീം എഡിറ്റര്‍ സുമിത്ത് ചക്രവര്‍ത്തി, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ബി.ജി. വര്‍ഗ്ഗീസ് തുടങ്ങിയവരാണ ് ഗില്‍ഡിലെ പ്രമുഖര്‍.


അവര്‍ക്ക് ആദര്‍ശാത്മക പത്രപ്രവര്‍ത്തനത്തെപറ്റി വാചകമടിക്കാന്‍ ബുദ്ധിമുട്ടില്ല.'ദ ഹിന്ദു'വിന ് അത് പ്രസിദ്ധീകരിക്കുകയും ആവാം. കാരണം തെന്നിന്ത്യയിലേക്കുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കുക എന്നതാണ ് ഹിന്ദു നേരിടുന്ന പ്രധാന വെല്ലുവിളി. എന്‍ റാമിന ് നിര്‍ണ്ണായക സ്വാധീനമുള്ള ഗില്‍ഡിനെ അതിനുവേണ്ടി ഉപയോഗിക്കുന്നുവെന്നേയുള്ളൂ.


ഗില്‍ഡിലെ മഹാന്മാരെല്ലാം മുതലാളിയെ പ്രീതിപ്പെടുത്താനോ, പരസ്യങ്ങള്‍ക്ക് വേണ്ടിയോ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാകുന്നവരാണ ്. വായനക്കാരന്റെ ഗതികേട് കൊണ്ട് ഇന്നത്തെ മാധ്യമ കുലപതികള്‍ അവരായെന്നേയുള്ളൂ.


ടൈംസ് ഓഫ് ഇന്ത്യയാണ ് 'പെയ്ഡ് ന്യൂസ്' എന്ന പരിപാടി ഔദ്ദ്യോഗികമാക്കിയത്. പണം നല്‍കിയാല്‍ ആര്‍ക്കും എന്തു വാര്‍ത്തയും ടൈംസില്‍ പ്രസിദ്ധീകരിക്കാം.മിഡിയാ നെറ്റ് എന്നൊരു കന്പനി ഇതിന ് വേണ്ടി രൂപീകരിച്ചിട്ടുണ്ട്. വാര്‍ത്ത കൊടുക്കാനുള്ളവര്‍ മീഡിയാ നെറ്റ് സന്ദര്‍ശിച്ച് അതിന്റെ ചാര്‍ജ് ഓണ്‍ലൈനിലൂടെ അടച്ചാല്‍ മതി. ടൈംസിന്റെ ഓഫീസില്‍ പോയി ക്യൂനില്‍കേണ്ടതില്ലെന്നര്‍ത്ഥം.


പെയ്ഡ് ന്യൂസ് മലയാളം ഉള്‍പ്പെടെ എല്ലാ ഭാഷാമാധ്യമങ്ങളിലും സാധാരണമായി കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്താണ ് ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതെന്ന് ഗില്‍ഡ് വിലയിരുത്തുന്നു.


സ്വതന്ത്ര കാഴ്ചപ്പാടും ആജ്ഞാശക്തിയുമുള്ള പത്രാധിപന്മാരുടെ അഭാവമാണ ് ഇന്ന് മാധ്യമ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസദ്ധി. പത്രമുതലാളിമാരുടെ ആശയ പ്രചരണത്തിനും ധനസന്പാദനത്തിനുമുള്ള ചട്ടുകങ്ങളായി നമ്മുടെ പത്രാധിപന്മാര്‍ അധപതിച്ചു കഴിഞ്ഞു.മറ്റേതൊരു തൊഴിലും പോലെ പത്രപ്രവര്‍ത്തനവും ജീവിസന്ധാരണത്തിനുള്ള മാര്‍ഗ്ഗമാണെന്ന വസ്തുത അവഗണിക്കുകയല്ല.പക്ഷേ പണം മാത്രം പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പ്രമാണമാകുന്പോള്‍, വഞ്ചിക്കപ്പെടുന്നത് വായനക്കാരനാണ ്. പത്രങ്ങള്‍ പറയുന്നത് മാത്രമാണ ് സത്യമെന്ന് വിശ്വസിക്കാന്‍ വായനക്കാരന്‍ നിര്‍ബന്ധിതനാകുന്നു. പിണറായി വിജയന്‍ പറയുന്ന മാധ്യമ സിന്‍ഡിക്കേറ്റുകളെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ ്.


തന്നെ സംബന്ധിച്ച്, പരസ്യങ്ങള്‍ക്കിടയിലെ സ്ഥലം നിറക്കാനുള്ള സാധനം മാത്രമാണ ് വാര്‍ത്തകളും എഡിറ്റോറിയലുകളുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ മുതലാളി വിനീത് ജെയിന്‍ പ്രഖ്യാപിച്ചതോടെ, പത്രമെന്നത് മറ്റേതൊരു കച്ചവട ചരക്കിനും സമാനമായ ഉല്‍പ്പന്നമായി അധപതിച്ചു. ടൈംസ് ഓഫ് ഇന്ത്യയിലെ എഡിറ്റര്‍മാരുടെ എല്ലാ ബുദ്ധിജീവി ജാഡകളും അതോടെ അവസാനിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റര്‍മാരായിരുന്ന ഫ്രാങ്ക് മൊറൈസ്, എച്ച്.കെ ദുവ, പ്രതീഷ് നന്ദി തുടങ്ങി പത്രരംഗത്തെ ഗിരിശൃംഗങ്ങളെ ജെയിന്‍ ഒറ്റയടിക്ക് തള്ളി പറഞ്ഞു. അവരുടെയൊക്കെ പ്രതിഭയുടെ ധാരാളിത്വത്തിലാണ ് ബെന്നറ്റ് ആന്റ് കോള്‍മെന്‍ കന്പനിയുടെ സിംഹാസനം കെട്ടിപൊക്കിയിരിക്കുന്നതെന്ന് അയാള്‍ മറന്നു പോയി.


ജെയിന്റെ പാരന്പര്യമതാണ ്.1946-ലാണ ് ബെന്നറ്റ് ആന്റ് കോള്‍മെന്‍ കന്പനിക്ക് ഇന്ത്യന്‍ ഉടമസ്ഥര്‍ ഉണ്ടാകുന്നത്. രണ്ടു കോടി രൂപയ്ക്കാണ ് രാം കിഷന്‍ ദാല്‍മിയ ബെന്നറ്റ് ആന്റ് കോള്‍മെന്‍ കന്പനി വാങ്ങിയത്.അതത്രയും അനധികൃത പണമായിരുന്നു. ഫിറോസ് ഗാന്ധിയാണ ് ഈ പ്രശ്നം പാര്‍ലെമെന്റില്‍ ഉന്നയിച്ചത്. തുടര്‍ന്ന് ദാല്‍മിയായെ ജയിലിലടച്ചു.


പിന്നീട് ദാല്‍മിയയുടെ മരുമകനായ ശാന്തി പ്രസാദ് ജെയിന്‍ കന്പനിയുടെ ആദ്യ ചെയര്‍മാനായി. കെ.ഗോപാലസ്വാമിയായിരുന്നു ടൈംസിന്റെ ആദ്യ എഡിറ്റര്‍. അന്ന് ഈ ജെയിന്‍മാര്‍ സ്വാമിയുടെ മുന്പില്‍ നില്‍ക്കാന്‍ വിറയ്ക്കും. ഇപ്പോഴത്തെ മുതലാളിമാര്‍ക്ക് ചരിത്രം അറിയായ്കയല്ല. ചരിത്രം സൃഷ്ടിക്കാന്‍ കഴിവുള്ള എഡിറ്റര്‍മാരില്ല എന്ന തിരിച്ചറിവാണ ് അവരെ കൊണ്ട് ഇതൊക്കെ പറയിക്കുന്നത്.


എച്ച്.കെ ദുവയാണ ് ടൈംസിന്റെ അവസാന എഡിറ്റര്‍. അതിന ് ശേഷം നട്ടെല്ലുള്ള ഒരു എഡിറ്റര് ആ പത്രത്തിന ് ഉണ്ടായിട്ടില്ല. കുശ്വന്ത് സിംഗ് കുറെ കാലം ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ എഡിറ്ററായിരുന്നു.


എങ്കിലും ടൈംസിന്റെ എക്കാലത്തേയും നല്ല എഡിറ്റര്‍ ഫ്രാന്‍ങ്ക് മൊറൈസ് തന്നെയായിരുന്നു. അവരിരുന്ന കസേരയിലാണ് വി.ടി യ്ക്ക് അപ്പുറം അറിയപ്പെടാത്ത ജഗദീപ് ബോസ് ഇപ്പോള്‍ കയറിയിരിക്കുന്നത്.


തന്റെ ഭരണകാലത്ത് എഡിറ്റോറിയല്‍ നയങ്ങളെ പറ്റി അഭിപ്രായം പറയാന്‍പോലും ജെയിന്‍മാരെ അനുവദിക്കില്ലായിരുന്നുവെന്ന് പ്രതീഷ് നന്ദി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.


പത്രമുതലാളിമാരുടെ ഇംഗിതത്തിന ് വഴങ്ങാതെ പുറത്തുപോകേണ്ടി വന്ന പത്രാധിപന്മാരുടെ സംഭവത്തില്‍ ഏറ്റവും അവസാനത്തെതാണ ് 'മിന്റിന്റെ' സ്ഥാപക എഡിറ്ററായ രാജു നരഷെട്ടിയുടേത്. വാള്‍ സ്ട്രീറ്റ് ജേര്‍ണ്ണലിന്റെ ഡപ്യൂട്ടി മാനേജിംഗ് എഡിറ്ററായിരുന്ന നരഷെട്ടിയെ 'മിന്റ് 'തുടങ്ങാന്‍ വേണ്ടി ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയാ വിളിച്ചു വരുത്തുകയായിരുന്നു. 25 ലക്ഷം രൂപയിലധികം അദ്ദേഹത്തിന ് മാസശബളമുണ്ടായിരുന്നെന്നാണ ് അറിവ്. താമസവും വാഹനവുമുള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ വേറെ.വിദേശ പത്രപ്രവര്‍ത്തനത്തിലെ ക്രീയാത്മക വശങ്ങളും ജോലി സംസ്ക്കാരവും ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത് നരഷെട്ടിയായിരുന്നു. ഏറ്റവും നല്ല പത്രപ്രവര്‍ത്തകരെ തന്നെ തന്റെ ടീമിലേക്ക് അദ്ദേഹം തിരഞ്ഞെടുത്തു. മിന്റ് പുതിയൊരു വായനാനുഭവം തന്നെയായിരുന്നു. 2006-ല്‍ മിന്റ് ആരംഭിച്ചു. 2009-ജനുവരി ഒന്നിന ് നരഷെട്ടി എഡിറ്റര്‍ സ്ഥാനം രാജി വച്ചു. ഇത്ര കുറഞ്ഞ കാലത്തിനുള്ളില്‍ ശോഭന ഭാരതീയയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വഷളായി.
ഇപ്പോള്‍ അദ്ദേഹം വാഷിംഗ്ടണ്‍ പോസ്റിന്റെ മാനേജിംഗ് എഡിറ്ററായി ജോലിചെയ്യുന്നു.ജീവിച്ചിരിക്കുന്ന 10 പ്രമുഖ എഡിറ്റര്‍മാരുടെ പട്ടികയില്‍ ആരും നിസംശയം രാജു നരഷെട്ടിയെ ഉള്‍പ്പെടുത്തും.

മിന്റ് ഇന്ന് ഇന്ത്യയിലെ രണ്ടാമത്തെ ബിസ്സിനസ്സ് പത്രമാണ ്. രാജു നരഷെട്ടി എന്ന പത്രപ്രവര്‍ത്തകന്റെ ഉള്‍കാഴ്ചയും , ക്രീയാത്മകതയുമാണ ്, കഠിന മത്സരത്തിന്റെ വര്‍ത്തമാനകാലത്തില്‍ ഒരു പത്രത്തെ വിജയത്തിലെത്തിച്ചത്. "രാഷ്ട്രിയ,വ്യവസായ,പ്രസാധക ഇടപെടലുകള്‍ ശരീരത്തേയും മനസ്സിനേയും വരണ്ടതാക്കി "എന്നാണ ് പുറത്തുപോകുന്പോള്‍ അദ്ദേഹം പറഞ്ഞത്. സ്വാതന്ത്രം കൊതിക്കുന്ന ഒരു മനസ്സിന്റെ വിങ്ങലുകള്‍ നരഷെട്ടിയുടെ' റൊമാന്റിക്ക് റിയലിസ്റ്റെ'ന്ന ബ്ളോഗില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും.


ഇപ്പോള്‍ ചാരിത്ര പ്രസംഗം നടത്തുന്ന എല്ലാ എഡിറ്റര്‍മാരും അവസരത്തിലും അനവസരത്തിലും തങ്ങളുടെ പത്രസ്വാതന്ത്രത്തെ വിറ്റവരാണ ്. ഉടമയ്ക്കുമുന്പില്‍ പഞ്ചപുശ്ചമടക്കാത്ത ഏത് പത്രാധിപരാണ ് ഇന്ന് ജീവിച്ചിരിക്കുന്നത്? അതിജീവനത്തിന്റെ പോരാട്ടത്തില്‍ നിലനില്‍പ്പിന്റെ പ്രത്യയശാസ്ത്രം മാത്രമാണ ് അവരെ ഭരിക്കുന്നത്. ഒരാളുടെ കസേര ഒഴിയാന്‍ ഒന്‍പത് പേര്‍ കാത്തുനില്‍ക്കുന്നുവെന്ന സത്യം ഉടമയ്ക്ക് നന്നായി അറിയാം.


പത്രത്തെ താങ്ങി നിര്‍ത്താന്‍ കെല്‍പ്പുള്ള എഡിറ്റര്‍മാര്‍ ഇല്ലാതായതോടെ ആ വര്‍ഗ്ഗത്തിന്റെ അപ്രമാധിത്വം അസ്തമിച്ചു.രാജൂ നരഷെട്ടി പോലും ഒഴിവാക്കപ്പെട്ടു. മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ല.


ഫ്രീ പ്രസ്സ് ജേര്‍ണ്ണലിന്റെ എഡിറ്ററായിരുന്ന സദാനന്ദിന്റെ വാക്കുകളാണ ് ഓര്‍മ്മ വരുന്നത്. തന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്ന ഫ്രീ പ്രസ്സില്‍ നിന്ന് എന്നേയ്ക്കുമായി പടിയിറങ്ങുന്പോള്‍ എതിരെ വന്ന എം.വി കാമത്തിനോട് അദ്ദേഹം പറഞ്ഞു -"ഈ തൊഴിലില്‍ ആരും ഒഴിവാക്കപ്പെടാന്‍ പറ്റാത്തവരല്ല".ഫ്രീ പ്രസ്സ് ബില്‍ഡിംഗിന്റെ പടികള്‍ കയറുന്പോള്‍ എന്നും മനസ്സിലാവാക്കുകള്‍ തികട്ടിവരും.


പത്രപ്രവര്‍ത്തനത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിക്കുന്പോള്‍ ഏവരും അതോര്‍ക്കുന്നത് നന്ന്.

1 comment: