Tuesday, July 10, 2012

ഗാബോ, ഓർമ്മ വേദനായാണ്




ഗാബോ,
ഓർമ്മ വേദനായാണ്. നിന്നെകുറിച്ചാകുന്പോൾ പ്രത്യേകിച്ചും...
സ്മൃതി യുടെ ഇതൾ കൊഴിഞ്ഞ മൌനത്തിൻറെ ഗഹ്വരത്തിൽ നീ തനിച്ചാവുന്നത് കാണാൻ വയ്യ.നിൻറെ ഓർമ്മപുസ്തകത്തിൻറെ തണലിലായിരുന്നു എൻറെ ഏകാന്തതകളത്രയും. അനാഥത്വത്തിൻറെ വ്യഥകളിൽ മക്കോണ്ഡോ ആശ്വാസത്തിൻറെ ഒളിവിടമായിരുന്നു. അവിടെ എനിക്ക്  ബന്ധുക്കൾ മാത്രമല്ല സുഹൃത്തുക്കളുമുണ്ട്. എല്ലാ ബന്ധങ്ങൾക്കും നിർവചനങ്ങളില്ലല്ലോ? കോളറാകാലത്തിൻറെ  ആവേഗങ്ങളിൽ പ്രണയത്തിൻറെ തീകാറ്റുകൾ ചുരമാന്തുന്നത് അത്ഭുതത്തോടെയാണ്  ഞാൻ നോക്കികണ്ടത്. അനന്തതയെ സ്പർശിക്കുന്ന അക്ഷരങ്ങൾകൊണ്ട്  നീ  ഓർമ്മ പൂട്ടുകൾ തുറക്കുനപോൾ കാണുന്ന വർണ്ണങ്ങളുടെ മായികലോകം ആരെയാണ് ഭ്രമിപ്പിക്കാതിരിക്കുക?
ഗാബോ, കട്ടികണ്ണടയിലൂടെ നീ നോക്കി കണ്ട കൊളംബിയൻ ജീവിതത്തിൻറെ ഭീതിതമായ വർണ്ണങ്ങൾക്ക്  ആത്മിയതയുടെ പരിവേഷമായിരുന്നു. ലോകം അതിനെ മാന്ത്രികമെന്ന് വിളിച്ചെങ്കിലും നിനക്ക് അത്  യാഥാർത്ഥ്യം തന്നെയായിരുന്നു. ഒരു നിലവിളി പോലെ അസ്തമിക്കുന്ന ജീവിതങ്ങൾക്കിടയിൽ പ്രണയത്തിൻറെ കനൽകാടുകളെരിയുന്നുണ്ടെന്ന് ഞങ്ങളറിഞ്ഞത് നീ പറയുന്പോഴാണ്.
 നിൻറെ വിരൽ തുന്പിൽ അക്ഷരങ്ങളൊഴിഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ല. ഓർമ്മയുടെ പക്ഷികൾ കൂടൊഴിഞ്ഞ നിന്റെ ഹൃദയത്തിലെന്താണ്? വാക്കുകളുടെ ചക്രവർത്തി  പടിയിറങ്ങുകയാണോ? മാന്ത്രികലോകത്ത് അത്ഭുതങ്ങൾ അസാധാരണമല്ല. അതുകൊണ്ട് തന്നെ കാണാകഥകളുടെ ഭാണ്ഡവുമായി, പ്രീയപ്പെട്ട ഗാബോ, നീ വരുമെന്ന് ഞങ്ങൾ കരുതുന്നു.