Thursday, February 25, 2010

സര്ദ്ദാര് സുകുമാര് അഴീക്കോട്




സര്ദ്ദാര്ജി പൊള്ളിയ ചെവിയുമായി ഡോക്ടറെ കാണാന് ചെന്നു:
സര്ദ്ദാര്ജി: ഞാന് വസ്ത്രം ഇസ്തിരിയിടുകയായിരുന്നു. അപ്പോള് ഒരു ഫോണ് വന്നു. മൊബൈലാണെന്ന് കരുതി ഞാന് ഇസ്തിരി പെട്ടി ചെവിയോട് ചേര്ത്തു വച്ചു. അങ്ങിനെ എന്റെ ചെവി പൊള്ളി.
ഡോക്ടര്: ശരി. അപ്പോള് മറ്റേ ചെവി പൊള്ളിയതോ ?
സര്ദ്ദാര്ജി: ആ റാസ്ക്കല് വീണ്ടും വിളിച്ചു.

സുകുമാര് അഴീക്കോടിന്റെ അവസ്ഥയും ഇതുതന്നെയാണ ്. രണ്ടു ചെവിയും മൂക്കും പൊള്ളിയിട്ടും അഴീക്കോട് മാഷ് പഠിച്ചില്ല.
മോഹന് ലാലും ഇന്നസെന്റും എന്തിന ് ഗണേഷ് കുമാര് വരെ അഴീക്കോടിന്റെ മേല് കുതിര കയറി. ഇതേവരെ സാഹിത്യ, സാംസ്ക്കാരിക,രാഷ്ട്രീയ രംഗങ്ങള് മാത്രമായിരുന്നു മാഷിന്റെ വിഹാര മേഖല. അവരെ എന്തും പറയാം, തല്ലുകിട്ടുമെന്ന് പേടിക്കേണ്ട. സിനിമാക്കാര് അതുപോലെയാണോ മാഷേ? അവര്ക്കെന്തു സംസ്ക്കാരം?കൂവി തോല്പ്പിക്കുകയെന്നത് അവരുടെ ജന്മാവകാശമാണ ്.

അക്ഷരമറിയാത്ത ഇന്നസെന്റു പോലും മാഷിനെ ഉപദേശിച്ചു: പോയി രാമനാമം ജപിക്കാന്.

പ്രശസ്തരായവരെ തെറി പറഞ്ഞു പ്രശസ്തനാവുക എന്നത് മാഷ് കാലാകാലങ്ങളായി വിജയകരമായി നടപ്പാക്കി വരുന്ന തന്ത്രമാണ ്. സ്വന്തം ഗുരുനാഥനായ ജി. ശങ്കരകുറുപ്പിനട്ട് തന്നെയാണ ് ആദ്യത്തെ പണി കൊടുത്തത്. "ശങ്കരകുറുപ്പ് വിമര്ശിക്കപ്പെടുന്നുവെന്ന" മാഷിന്റെ ആദ്യ പുസ്തകം സാഹിത്യ ലോകത്ത് സൃഷ്ടിച്ച കോളിളക്കം മറക്കാറായിട്ടില്ല. അന്നു തുടങ്ങിയ ജൈത്രയാത്രയാണ ്. എത്രയോ വന് മരങ്ങള് ആ വാക്ക് ധോരണയില് ആടിയുലഞ്ഞു. അതേ തന്ത്രമാണ ് അഴീക്കോട് ഇവിടെയും പയറ്റിയത്. ഏറ്റില്ലെന്ന് മാത്രം.

മാഷിന ് എന്തും പറയാം. പ്രതികരിച്ചാല് അദ്ദേഹം വയലന്റാകും.
അഴീക്കോടിനെ ക്രീയാത്മക വിമര്ശനത്തിലൂടെ പരാജയപ്പെടുത്തിയ ഒരാളെ മലയാളത്തിലുണ്ടായിട്ടുള്ളൂ. അത് സാക്ഷാല് കെ.പി.അപ്പനായിരുന്നു. അഴീക്കോടിനെ സുകുമാര് എന്ന് വിളിച്ചുകൊണ്ടാണ ് അപ്പന് വിമര്ശനം തുടങ്ങിയത് തന്നെ.
അപ്പന്റെ അടുത്ത് അഴീക്കോട് അറിയാവുന്ന അടവുകളെല്ലാം പയറ്റി നോക്കി. രക്ഷയില്ലെന്നായപ്പോള്, ഒരുദിവസം നേരെ അപ്പന്റെ വീട്ടില് ചെന്നുകയറി. സമസ്ഥാപരാധങ്ങളും ഏറ്റു പറഞ്ഞുവെന്നാണ ് അറിവ്.
ഇതൊക്കെയാണ ് അഴീക്കോടന് സ്കൂള് ഓഫ് വിമര്ശനത്തിന്റെ സാമാന്യ രീതികള്. അവിടെ നിന്നാണ ് അദ്ദേഹം മോഹന്‍ ലാലിന്റെ മേക്കപ്പിനേയും മറ്റും വിമര്ശിക്കുന്ന തലത്തിലേക്ക് വളര്ന്നത്. അദ്ദേഹത്തിന്റെ വെല്ലുവിളികള് നേക്കൂ:
ഞാന് 20 വയസ്സുമുതല് ജുബ്ബയും മുണ്ടും ഉടുത്തുകൊണ്ട് നടക്കുന്നതാണ ്. മെയ്ക്കപ്പില്ലാതെ പുറത്തിറങ്ങാന് മോഹന് ലാ ലിന ് ധൈര്യമുണ്ടോ ?
മുണ്ടും ജുബ്ബായും ഉടുത്തോണ്ട് മോഹന്ലാലാല് അഭിനയിക്കണമെന്ന് സാരം.

മോഹന് ലാലിന ് തിരിച്ചും വല്ലുവിളിക്കാം.
പെപ്പെ ജീന്സും ബുഷ് ഷര്ട്ടും ഇട്ടോണ്ട് മാഷിന ് പ്രസംഗിക്കാന് പോകാമോ?

മോഹന് ലാലിനും മമ്മൂട്ടിക്കും ഓരോ സിനിമക്കും അഞ്ചു കോടിയാണ ് പ്രതിഫലം എന്നതാണ ് മാഷിന്റെ മറ്റൊരു പരാതി.
മാഷിന ് ഒരു പ്രസംഗത്തിന ് അയ്യായിരം രൂപയാണ ് പ്രതിഫലം.(ഇപ്പോള് കൂട്ടിയോ എന്നറിയില്ല. )അത് മാഷ് ചോദിച്ചു മേടിക്കും. വണ്ടിക്കൂലിയെന്ന ഓമനപേരിലാണ ് വാങ്ങുന്നത്. കൂട്ടികൊടുപ്പുകാരുടെ ചാരിത്ര പ്രസംഗം മുതല് അക്കാദമി അധ്യക്ഷ പ്രസംഗം വരെയുള്ള ഏത് കേസും പിടിക്കും. അയ്യായിരം രൂപ ശബ്ബളം വാങ്ങുന്ന റിലയന്സിലെ ജീവനക്കാരന ് അഞ്ചുകോടി വാങ്ങുന്ന അംബാനിയോട് തോന്നുന്ന അസൂയ പോലെയേയുള്ളൂ മാഷിന്റെ ഈ വിമര്ശനം.
ഒരുപാട് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ ് പ്രതിഫലം നിശ്ചയിക്കുന്നത്.
സി ല്ക്ക് സ്മിത അന്നത്തെ കാലത്ത് 25 ലക്ഷം രൂപവരെ പ്രതിഫലം വാങ്ങിയതായി കേട്ടിട്ടുണ്ട്. അത് അറിഞ്ഞിരുന്നെങ്കില് മാഷ് എന്തു പറയും?.
അറിയാവുന്ന പണിക്ക് പോയാല് പോരെ മാഷേ?

മനസ്സില് മഷിപച്ചയെഴുതുന്ന വിരലുകള്





ചിത്രകലയെ പ്രണയിക്കുന്നവര്ക്കിടയില് എം.എഫ് ഹുസൈന ് ആമുഖമാവശ്യമില്ല. എന്നിട്ടും ഇന്ത്യക്ക് ഹുസൈനെ വേണ്ട.ഖത്തര് പൌരത്വം ലഭിച്ചതോടെ, ഇന്ത്യന് പൌരത്വം ഉപേക്ഷിക്കാന് ഹുസൈന് നിര്ബന്ധിതനായിരിക്കുകയാണ ്.
ഈ മഹാകലാകാരന്റെ തലക്ക് വിലപറഞ്ഞ മതഭ്രാന്തിന് മുന്പില് രാഷ്ട്രീയ നേതൃത്വം കീഴടങ്ങിയപ്പോള്, രാജാരവിവര്മ്മയെ പോലുള്ള കലാകാരന്മാര്ക്ക് ജന്മം നല്കിയ നമ്മുടെ പൈതൃകം നാണക്കേടുകൊണ്ട് ശിരസ്സു കുനിച്ചു.
നിങ്ങള്ക്ക് ഹുസൈനെ വെറുക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യാം, പക്ഷെ അവഗണിക്കാനാവില്ല.ഹുസൈനെ പറ്റി പരാമര്ശിക്കാതെ ചിത്രകലയുടെ ചരിത്രമെഴുതാനാവില്ല.
ഇന്ത്യന് പിക്കാസോ എന്നാണ ് ഹുസൈന് അറിയപ്പെടുന്നത്. പക്ഷെ ജീവിതം കൊണ്ട് പലപ്പോഴും അദ്ദേഹം വാന്ഗോഗിനെ ഓര്മ്മിപ്പിക്കുന്നു. ചെവിമുറിച്ച് കാമുകിക്ക് കാഴ്ചവച്ച വാന്ഗോഗിന്റെ വിഢിത്തം അദ്ദേഹം ആവര്ത്തിച്ചിട്ടില്ല. പക്ഷെ സ്ത്രീകളോടുള്ള സമീപനത്തില് ഇരുവര്ക്കും ഒട്ടേറെ സമാനതകളുണ്ടായിരുന്നു. കണ്ടുമുട്ടിയ സ്ത്രീകളിലെല്ലാം തന്റെ അമ്മയെ തേടുകയായിരുന്നുവെന്ന ഹുസൈന്റെ വാദം മുഖവിലക്കെടുക്കാന് കഴിയില്ല. സൌന്ദ്യര്യമുള്ള സ്ത്രീകളോട് അദ്ദേഹത്തിനെന്നും ആരാധനയായിരുന്നു. എങ്കിലും ഒന്നരവയസ്സില് അമ്മ നഷ്ടപ്പെട്ടതിന്റെ ദു:ഖം ഈ 95-ാം വയസ്സിലും ഹുസൈനെ വേട്ടയാടുന്നു. അമ്മയെ കണ്കുളിര്ക്കെ കാണാനുള്ള ആഗ്രഹം മാത്രമാണ ് ജീവിതത്തില് സാധിക്കാതെ പോയതെന്ന് അദ്ദേഹം അടുത്തയിടെ ഒരു അഭിമുഖത്തില് പറഞ്ഞു. അത് മാത്രം തനിക്ക് പണം കൊടുത്ത് വാങ്ങാനായില്ലെന്ന് അദ്ദേഹം വിലപിച്ചു.
വാന്ഗോഗിനെ പോലെ ദാരിദ്രത്തിലാണ ് ഹുസൈന് ജീവിതം ആരംഭിച്ചത്. അമ്മ മരിച്ച ഉടന് തന്നെ ഹുസൈന്റെ അഛന് രണ്ടാമതും വിവാഹം കഴിച്ച് ഇന്ഡോറിലേക്ക് താമസം മാറി. മഹാരാഷ്ട്രയിലെ പത്താന് പൂറിലാണ ് ഹുസൈന് ജനിച്ചത്. ഔദ്ദ്യോഗിക വിദ്യാഭ്യാസം കാര്യമായി നേടാന് കഴിഞ്ഞില്ല. വിവാഹിതനായ ശേഷമാണ ് മുംബയിലേക്ക് വരുന്നത്. 50-കളുടെ തുടക്കത്തിലായിരുന്നു അത്. സിനിമാ പോസ്റ്ററുകള് വരച്ചാണ ് നിത്യചിലവിനുള്ള വക കണ്ടെത്തിയിരുന്നത്. വേശ്യകളും കൂട്ടികൊടുപ്പുകാരും താമസ്സിക്കുന്ന ഗ്രാന് റോഡിലെ റെഡ് സ്ട്രീറ്റിലുള്ള ഒറ്റ മുറിയിലാണ ് ഹുസൈനും കുടുംബവും താമസ്സിച്ചിരുന്നത്. പകല് മുഴുവന് കത്തുന്ന വെയലത്ത് നിന്ന് പോസ്റ്ററുകള് വരക്കും , രാത്രിയില് തെരുവുവിളക്കിന്റെ ചുവട്ടിലിരുന്ന് പ്രകൃതിദൃശ്യങ്ങളും.
ലോകം തന്നെ തിരിച്ചറിയുന്ന ഒരു ദിനം വരുകയും അന്ന് തന്റെ ചിത്രങ്ങള് നല്ല വിലക്ക് വിറ്റു പോകുകയും ചെയ്യുമെന്ന് ലിയോയ്ക്കുള്ള കത്തില് ഒരിക്കല് വാന്ഗോഗ് എഴുതി. ദാരിദ്രത്തിന്റെ നാളുകളില് ഹുസൈന്റെയും പ്രതീക്ഷ അതുതന്നെയായിരുന്നു. വാന്ഗോഗിന്റെ ജീവിതകാലത്ത് അതുണ്ടായില്ല. ചരിത്രം കുറിച്ചുകൊണ്ട് 2007-ല് ക്രിസ്റ്റീസിലെ ലേലത്തില് 35 മില്ല്യണ് ഡോളറിന ് ത ന്റെ ചിത്രം വിറ്റുപോകുന്നത് കാണാന് അദ്ദേഹത്തിന ് ഭാഗ്യമുണ്ടായില്ല.
എന്നാല് 90-കളുടെ ആരംഭത്തില് തന്നെ ഹുസൈന്റെ ഒറ്റക്യാന് വാസ് രണ്ട് മില്ല്യണ് ഡോളറിന ് ക്രിസ്റ്റീസില് ലേലം വിളിച്ചു. ഇന്ത്യയില് നിന്നുള്ള ഒരു ചിത്രത്തിന ് ഇന്ന് വരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സംഖ്യ!!!
ഒന്നുമില്ലായ്മയില് നിന്ന് സന്പന്നതയുടെ മടിത്തട്ടില് എത്തപ്പെട്ടതിന്റെ കഥകൂടിയാണ ് ഹുസൈന്റേത്. ഇന്ന് വിവിധ രാജ്യങ്ങളില് അദ്ദേഹത്തിന ് കൊട്ടാരങ്ങളും സ്റ്റുഡിയോകളുമുണ്ട്. പഴയകാലത്തിന്റെ ഓര്മ്മകള് സൂക്ഷിക്കുന്നതു കൊണ്ടാണ ് ഹുസൈന് ഇന്നും ചെരിപ്പിടാതെ നടക്കുന്നതെന്ന ് പറയുന്നവരുണ്ട്. അതല്ല ഫെറാറിയില് സഞ്ചരിക്കുന്ന ഹുസൈന് എന്ന ഷോമാന്റെ ജാഡയാണിതെന്ന് അധിക്ഷേപിക്കുന്നവരുമുണ്ട്.
മുംബയിലെ ജഹാംഗീര് അര്ട്ട് ഗ്യാലറിയില് വച്ചാണ ് ഹുസൈന്റെ ചിത്രങ്ങള് ഞാന് ആദ്യമായി കാണുന്നത്. "കുതിര" കള് എന്ന സീരീസായിരുന്നു പ്രദര്ശിപ്പിച്ചിരുന്നത്. വലിയ ക്യാന്‍വാസില്‍ നിറഞ്ഞോടുന്ന കുതിരകള് .ആദ്യം ലാളിത്യം കൊണ്ട് അവയെന്നെ അത്ഭുതപ്പെടുത്തി. സൂക്ഷമനിരീക്ഷണത്തില് പെരുകി വരുന്ന ആശയങ്ങളുടെ ഗഹനതകൊണ്ട് പിന്നീട് എന്നെ കീഴ്പ്പെടുത്തി. കുതിരകള് ഭാവനയുടെ തേരിലേറാനുള്ള മാര്ഗ്ഗങ്ങളായി. ഓരോ കുതിരകളും വ്യസ്തലോകങ്ങളിലേക്കുള്ള ദീര്ഘയാത്രകളുടെ അനുഭവമായി.. ഹുസൈന്റെ ചിത്രങ്ങള് എന്നെ ബാല്യകാലത്തിന്റെ നിറചാര്ത്തുകളിലേക്ക് കൂട്ടികൊണ്ട് പോകുകയായിരുന്നു.
ഇനിയൊരിക്കല് ഹുസൈന് ചിത്രങ്ങളുടെ പ്രദര്ശനം ഇന്ത്യയില് നടക്കുമോ എന്നെനിക്കറിയില്ല. ഖത്തറിലെ രാജകുടുംബം പൌരത്വം നല്കി ഹുസൈനെ ആദരിച്ചു. ഇന്ത്യക്ക് പക്ഷെ അത് നിതാന്ത നാണക്കേടിന്റെ ദിനമായി.
രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും മതില് കെട്ടുകള്ക്ക് അപ്പുറത്ത്, കലാകാരന്മാരെ തിരിച്ചറിയാന് എന്റെ രാജ്യത്തിന ് ഇനിയും എത്രകാലം കാത്തിരിക്കണം?

Monday, February 22, 2010

പരസ്യ പ്രീണനത്തിന്റെ മാധ്യമ ധര്മ്മം



പത്ര മാധ്യമങ്ങള് സമൂഹത്തിന്റെ ക്രീയാത്മക നിരീക്ഷകരാണ ്. സ്വാര്ത്ഥതാത്പര്യങ്ങള്ക്ക് വേണ്ടി സ്വധര്മ്മം വിസ്മരിക്കുന്പോള് മാധ്യമങ്ങള് സമൂഹത്തിന ് മുന്പില് അപഹാസ്യരാവുന്നു. മാധ്യമങ്ങളുടെ രാഷ്ട്രീയം അവരുടെ സ്വാതന്ത്രിയമാണെന്ന് വാദിക്കുന്പോഴും വാര്ത്തകളിലെ സുതാര്യതയും സത്യസന്ധതയും നിലനിര്ത്താന് മാധ്യമങ്ങള്ക്ക് ബാധ്യതയുണ്ട്.
വി.എസ് അച്യുതാനന്ദനെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള മനോരമ നടത്തുന്ന ആക്രമണങ്ങള് ശ്രദ്ധിക്കപ്പെടാതെ പോകുന്നത് അതുകൊണ്ടാണ ്. പാര്ട്ടി മാര്ഗ്ഗനിര്ദ്ദേശങ്ങള് അട്ടിമറിച്ചത് വി.എസ് ആണെന്ന പിണറായി പക്ഷത്തിന്റെ ആരോപണമാണ ് മനോരമ ആഘോഷിക്കുന്നത്.പാര്ട്ടിയുടെ മുഖ്യമന്ത്രി പാര്ട്ടിക്കെതിരെ ഘടക കക്ഷികളെ രംഗത്തിറക്കുന്നത് സി,പി,എമ്മിന്റെ സ്വയം വിമര്ശമാണെന്ന് മനോരമ കണ്ടെത്തുന്നു. മനോരമയുടെ ഉദ്ദേശം റിപ്പോര്ട്ടില് വ്യക്തമാണ ്.
പണവും അധികാരവുമുള്ള കേന്ദ്രങ്ങളുടെ അഭിപ്രയങ്ങളാണ ് മുഖ്യധാരാ മാധ്യമങ്ങള് പൊതുവേ പ്രകടിപ്പിക്കുന്നതെന്ന് ഡേവിഡ് എഡ്വേര്ഡും ഡേവിഡ് ക്രോംവെല്ലും ചേര്ന്നെഴുതിയ ന്യൂസ്പീക്ക് ഇന് ദ ട്വന്‍ടി ഫസ്റ്റ് സെഞ്ച്വറി എന്ന പുസ്തകത്തില് പറയുന്നുണ്ട്. ആയുധ നിര്മമ്മാണം മുതല് കള്ളകടത്തുവരെ നടത്തുന്ന സ്വകാര്യ കുത്തകകളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളില് ജോലി ചെയ്യുന്ന പത്രപ്രവര്ത്തകര്ക്ക് സത്യസന്ധതയോടെ ജോലിചെയ്യാനാവില്ല.കഴിവോ യോഗ്യതയോ ഇല്ലാതെ, മുതലാളിമാരുടെ കാലുതിരുമ്മുന്നതില് പ്രഗത്ഭ്യം തെളിയിച്ചുകൊണ്ട് പത്രങ്ങളുടെ തലപ്പത്ത് എത്തുന്നവരും ചുരുക്കമല്ല.മന്ദബുദ്ധികളായ സീനിയര്മാരെ അംഗീകരിക്കേണ്ട ഗതികേട് മലയാള പത്രങ്ങളിലെ ജൂനിയര് പത്രപ്രവര്ത്തകരുടെ ശാപമാണ ്. ഒരു കോട്ടയം പത്രത്തിന്റെ തിരുവനന്തപുരത്തെ ആസ്ഥാ നകക്ഷിയാണ ് ഇവരില് പ്രമുഖന്. തന്റെ കഴിവുകേട് മറച്ചുവക്കാന് ഇയാള് എല്ലാ ഡിപ്പാര്ട്ട്മെന്റുകളിലും അനാവശ്യ ഇടപെടല് നടത്തുന്നു.
പരസ്യങ്ങള് നല്കുന്നവരുടേയും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പത്രങ്ങളിലെ മാര്ക്കറ്റിംഗ് എക്സിക്യൂട്ടീവുകളുടേയും സ്വാധീനമാണ ് അനാവശ്യമായി വാര്ത്തകള് വളച്ചൊടിക്കപ്പെടുന്നതിന ് പിന്നിലുള്ളത്. സിംഗിള് കോളം പരസ്യത്തിന ് വേണ്ടി മാര്ക്കറ്റിംഗ് എക്സിക്യൂട്ടീവുകള് എന്ത് വിട്ടുവീഴ്ചക്കും തയ്യാറാകും.പരസ്യദാതാക്കള്ക്ക് അപ്രീയമായ വാര്ത്തകള് അവര് ഇടപെട്ട് മുക്കും. സ്ഥിരമായി പരസ്യം നല്‍കുന്നു വെന്ന ഒറ്റകാരണത്താല് കൊച്ചിയിലെ ഒരു പ്രമുഖ വ്യവസായുടെ കുംഭകോണത്തെ സംബന്ധിച്ച വാര്ത്ത പ്രസിദ്ധികരിക്കപ്പെടാതെ പോയതാണ ് ഏറ്റവും നല്ല ഉദാഹരണം. ആഗോളതാപനത്തെ പറ്റി ലേഖനമെഴുതുന്ന അതേ പേജില് തന്നെ അന്തരിക്ഷമലിനീകരണമുണ്ടാക്കുന്ന വാഹന പരസ്യങ്ങള് പ്രസിദ്ധീകരിക്കും. കൊക്കോകോള കന്പനിക്ക് എതിരെ കുരുശുയുദ്ധം നടത്തിയിരുന്ന പത്രം തന്നെ കൊക്കോകോള ഉല്പ്പന്നങ്ങളുടെ മുഴുവന് പേജ് പരസ്യവും പ്രസിദ്ധീകരിച്ചത് ചര്ച്ചയായിരുന്നു.
മദേഴ്സ് ഡേയില് അമ്മമാരുടെ മഹത്വം വാഴ്ത്തികൊണ്ട് ഒരു പ്രമുഖ മലയാളം പത്രം ഫീച്ചര് പ്രസിദ്ധീകരിച്ചു.അതേ പേജില് തന്നെ ഏറ്റവും താഴെ വന്ന ടോയിലറ്റ് സോപ്പിന്റെ മൂന്ന് കോളം പരസ്യം." നിന്റെ ചര്മ്മം കണ്ടാല് അമ്മയാണെന്ന് പറയുകയേയില്ല" അമ്മെയെ കണ്ടാല് അമ്മയാണെന്ന് തോന്നിയില്ലെങ്കില് അപകടമാണ ്. പരസ്യങ്ങള് നിര്മ്മിക്കുന്നവര്ക്ക് തത്വദീക്ഷയില്ല. പക്ഷെ പരസ്യങ്ങളിലെ വാചകഘടന മാറ്റണമെന്ന് പത്രങ്ങള്‍ക്ക് ആവശ്യപ്പെടാം. ആഭാസകരമായ പരസ്യങ്ങള് അച്ചടിക്കുന്നത് അപമാനമായി പത്രങ്ങള് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

Wednesday, February 17, 2010

രഹ്ന കാത്തിരിക്കുന്നു........

നൌഫല്, നീ ഈ കുറിപ്പ് വാ യിക്കുമോ എന്ന് എനിക്കറിയില്ല. വായിച്ചാല് നീ അറിയണം.
രഹ്ന ഇപ്പോഴും കാത്തിരിക്കുകയാണ ്.
അത്തറിന്റെ മണമുള്ള പുത്തന് കുപ്പായമിട്ടുവരുന്ന അവളുടെ പുതുമണവാളനെയും കാത്ത്....
മലപ്പുറത്തിന്റെ മതില്‍കെട്ടിനപ്പുറത്തെ വാര്ത്തകളുടെ ലോകം തേടിയിറങ്ങിയപ്പോള് തുടങ്ങിയതാണ ് രഹ്നയുടെ ദുരിത പര് വ്വം. നേരിന്റെ നാവാകാന് വിധിക്കപ്പെട്ട വിക്രമാദിത്യ ജന്മമാണിതെന്ന് അവള് വിശ്വസിച്ചു. അതിനായില്ലെങ്കില് ഈ തലയോട് പെട്ടിചിതറട്ടെയെന്നാഗ്രഹിച്ചു.
പര്ദ്ദയുടെ തടവറയില് നിന്ന ് മുംബയുടെ സ്വാതന്ത്രിയത്തിലേക്ക് ചിറകടിച്ചു പറന്നപ്പോള്, പത്രപ്രവര്ത്തനത്തിലെ ചതികുഴികള് അവള് തിരിച്ചറിഞ്ഞില്ല.
പത്രമാഫീസുകളില് സ്ത്രീകള് വെറും ആകര്ഷണ വസ്തുക്കള് മാത്രമാണെന്ന് ഒരിക്കല് അവള് പറഞ്ഞു, ചര്ച്ച് ഗേറ്റിലെ റെയില് വേ കഫേറ്റേരിയായിലിരുക്കയായിരുന്നു ഞങ്ങള്. തെരുവില് അനാഥമാക്കപ്പെടുന്ന ബാല്യങ്ങള് മയക്കുമരുന്നു ശൃംഖലയില് കണ്ണിചേര്ക്കപ്പെടുന്നത് സംബന്ധിച്ച അവളുടെ മൂന്നാമത്തെ റിപ്പോര്ട്ടും വെളിച്ചം കാണാതെ പോയതിന്റെ നിരാശയിലായിരുന്നു രഹ്ന.
പഞ്ചസാര മുതലാളിയുടെ പത്രത്തിലെ കിഴവന് പത്രാധിപര്ക്ക്, കരളിന്റെ കണ്ണീരു വീഴ്ത്തുന്ന രഹ്നയുടെ റിപ്പോര്ട്ടുകളെകാള് താത്പര്യം , അവളിലെ ഗ്രാമീണ സൌന്ദ്യര്യത്തിന്റെ ശരീര വടിവുകളിലായിരുന്നു. വ്യവസായ ലോബിയുടെ താത്പര്യങ്ങള് സംരക്ഷിക്കാന് പത്രപ്രവര്ത്തനം മറയാക്കിയ കിഴവന്റെ ക്യാബിനില് പോകാന് തന്നെ അവളക്ക് അറപ്പായിരുന്നു. അയാളുടെ ലജ്ജാരഹിതമായ നയന ഭോഗം തന്നെ നഗ്നയാക്കുവെന്ന് അവള് പരിതപിച്ചു.

അയാളുടെ ആസക്തമായ നോട്ടങ്ങള് അസഹനീയമായപ്പോഴാണ ് അവള് പുതിയ ജോലി തേടിയത്. രഹ്നയുടെ നീക്കം മണത്തറിഞ്ഞ കിഴവന് അറിയാവുന്ന സ്ഥലങ്ങളിലെല്ലാം അപവാദങ്ങള് പ്രചരിപ്പിച്ചു. നിലനില്പ്പിന്റെ പ്രത്യയശാസ്ത്രം മാത്രം ജീവിതപ്രമാണമാക്കിയ ഓഫീസിലെ ചില സ്ത്രീകളും അയാള്ക്ക് ഒപ്പം ചേര്ന്നു. എഡിറ്റോറിയല് മീറ്റിംഗുകളില് അവള് പരസ്യമായി അപമാനിക്കപ്പെട്ടു. ചുമക്കാന് കഴിയാത്ത ജോലി ഭാരം അടിച്ചേല്പ്പിച്ചു. അന്നൊക്കെ ഭയത്തോടെയാണ ് രഹ്ന ഓഫീസില് പോയിരുന്നത്. വേട്ടയാടപ്പെടുന്ന ഇരയുടെ വേദനയുമായി അവള് ഒറ്റപ്പെട്ടു. കുടിലതകളുടെ മഹാനഗരത്തില് ഒരു പാവം പെണ്കുട്ടിക്ക് എത്ര നാള് പിടിച്ചു നില്ക്കാനാവും? നാട്ടിലേക്ക് മടങ്ങി പോകാന് ഞങ്ങളെല്ലാം നിര്ബന്ധിച്ചു. പത്രപ്രവര്ത്തകയാവാന് സ്വയമെടുത്ത തീരുമാനം. അതിന്റെ പരാജയവും പേറി നാട്ടിലേക്കില്ലെന്ന് അവള് പറഞ്ഞു.

ആ അവസരത്തിലാണ ് അവളുടെ ചീഫ് റിപ്പോര്ട്ടറായ ഡി മെല്ലോ രക്ഷകന്റെ വേഷം കെട്ടിയെത്തിയത്. സഹതാപം പ്രണയത്തിന ് വഴിമാറിയപ്പോള്, സൂഹൃത്തുക്കള് അവളെ ഉപദേശിച്ചു. അവളത് കാര്യമാക്കിയില്ല. ജീവിതത്തിലെ ആദ്യപ്രണയത്തിന്റെ ആഹ്ലാദത്തിലായിരുന്നു രഹ്ന. വളരെ കാലത്തിന ് ശേഷം അവളുടെ മുഖം പ്രസന്നമായി. ജീവിതത്തെ പറ്റി അവള് പുതിയ സ്വപ്നങ്ങള് കാണാന് തുടങ്ങി. പക്ഷെ സന്തോഷത്തിന്റെ ദിനങ്ങള്ക്ക് ആയുസ്സേറെയുണ്ടായിരുന്നില്ല. ഡി മെല്ലെയുടെ രാഗം മാംസ നിബന്ധം മാത്രമാണെന്നറിഞ്ഞപ്പോള് അവള് തകര്ന്നു . ഡി മെല്ലോയുടെ ചതിയെ പറ്റി കൂടുതല് വിശദ്ദീകരിക്കുന്നില്ല.

ഭ്രാന്തിന്റെ വക്കോളമെത്തിയ മാനസിക വിഹ്വലതകളിലൂടെയാണ ് ആ നാളുകളില് അവള് കടന്നു പോയത്. സ്റ്റോറികള് കണ്ടെത്താനോ എഴുതാനോ അവള്ക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടാണ ് മുംബയ് നഗരസഭയിലെ കുംഭകോണത്തെ പറ്റിയുള്ള തന്റെ സ്റ്റോറി സുനന്ദ അവള്ക്ക് നല്കിയത്. പ്രസിദ്ധീകരിക്കുന്നതിന ് മുന്പ് സുനന്ദയുടെ സ്റ്റോറി ഞാന് കണ്ടതാണ ്. യാതൊരു അപാകതകളുമില്ലാത്ത, കുറ്റമറ്റ റിപ്പോര്ട്ട്.
രഹ്ന റിപ്പോര്ട്ട് ഫയല് ചെയ്ത് പോയതിന ് ശേഷം ഡി മെല്ലോ സ്റ്റോറി തിരുത്തി. അസത്യങ്ങള് അതില് കുത്തി തിരുകി. അയാള് പകപോക്കുകയായിരുന്നു.

പിറ്റേന്നത്തെ മീറ്റിംഗില് കിഴവന് പൊട്ടിതെറിച്ചു. തന്റെ ഭാഗം ന്യായീകരിക്കാന് പോലും രഹ്നക്ക് അവസരം ലഭിച്ചില്ല. അവളെ ജോലിയില് നിന്ന് പുറത്താക്കി, നഗരസഭ പത്രത്തിനെതിരെ കേസ് കൊടുത്തു. സുനന്ദ കൊടുത്ത റിപ്പോര്ട്ടാണെന്ന് ഡി മെല്ലോ അറിഞ്ഞിരുന്നില്ല. അതറിഞ്ഞപ്പോള് അയാള്ക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു.

നൌഫല് ,നീ കേട്ടതൊന്നും സത്യമല്ല. ഇതാണ ് വസ്തുത.
രഹ്ന ജീവിതത്തിലേക്ക് മടങ്ങി വരാന് സമയമെടുത്തു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ ് അവള് പുതിയ പത്രത്തില് ജോലി നേടിയത്.

നൌഫല്, പിന്നീടാണ ് നീ അവളുടെ ജീവിതത്തിലേക്ക് വന്നത്. സംഭവിച്ചതെല്ലാം അവള് നിന്നോട് തുറന്നു പറഞ്ഞതല്ലേ? വീട്ടുകാരേയും ബന്ധുക്കളേയും ഉപേക്ഷിച്ചാണ ് അവള് നിന്നോടൊപ്പം വന്നത്.
നിങ്ങളുടെ വിവാഹം ഞാനിന്നുമോര്ക്കുന്നു. ഘാട്കൂപ്പറിലെ ഫ്ളാറ്റില് മൂന്നു കുപ്പി റം പൊട്ടിച്ച് ഔപചാരികതകളില്ലാത്ത വിവാഹം നമ്മള് ആഘോഷിച്ചു.
പിന്നീട് എന്താണ ് സംഭവിച്ചത്? രണ്ടു ദിവസം മാത്രം ദൈര്ഘ്യമുണ്ടായിരുന്ന ആ ദാന്പത്യത്തില് നിന്ന് നീ എവിടേക്കാണ ് ഇറങ്ങി പോയത്?ആദ്യ ദിനം തന്നെ പഴംകഥകള് പറഞ്ഞ് നീ വേദനിപ്പിച്ചുവെന്ന് രഹ്ന എഴുതിയിരുന്നു. നീ അവളുടെ ആദ്യത്തെ ഓഫീസില് ചെന്നിരുന്നു വെന്ന് ഞാനറിഞ്ഞു. അവിടെ ഡിമെല്ലോയേയും കിഴവനേയും കണ്ടോ? അവളുടെ ഭൂതകാലം ചികയണമെങ്കില് അത് വിവാഹത്തിന ് മുന്പാകാമായിരുന്നു.
സാധ്യമായ എല്ലാ സ്ഥലങ്ങളിലും ഞങ്ങള് അന്വേഷിച്ചു. നീ എവിടെയാണ ്?

അവളിന്ന് സുനന്ദയോടൊപ്പമുണ്ട്. ജീവിതത്തിന്റെ ക്രൂരമായ യാഥാര്ത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടു കഴിഞ്ഞു.
അവള്ക്കിപ്പോഴും പ്രതീക്ഷയുണ്ട് , നീ മടങ്ങി വരുമെന്ന്.
മനസ്സില് കരുണയുടെ കണിക അവശേഷിക്കുന്നുണ്ടെങ്കില്, അവളെ നിരാശപ്പെടുത്തരുത്.

Thursday, February 11, 2010

മൈ നെയിം വാസ് ടൈഗര്



ഷാരൂഖ് ഖാനും കരണ് ജോഹറും ഉള്പ്പെടുന്ന ചിത്രത്തില് നിന്ന് അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കാനില്ല. പക്ഷെ ചിത്രവുമായി പരോക്ഷമായിപോലും ബന്ധമില്ലാത്ത കാര്യങ്ങളുടെ പേരില് പ്രദര്ശനം തടയാനുള്ള ബാല് താക്കറെയുടെ ധാര്ഷ്ട്യം അസഹനീയമാണ ്.
വ്യക്തിവിരോധവും വിലകുറഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങളും മാത്രം മു ന് നിര്ത്തിയാണ ് താക്കറെ സമരം നടത്തുന്നത് .
തെന്നിന്ത്യന് വംശജരെ മുംബയില് നിന്ന് തുരത്തുക എന്ന ഉദ്ദേശത്തോടെ ശിവസേന ആരംഭിച്ചതു തന്നെ വ്യക്തി ജീവിതത്തില് താക്കറെ നേരിട്ട തിക്താനുഭവങ്ങളുടെ പ്രതിഫലനമാണ ്.
മുംബയ്ക്കാര്ക്ക് വേണ്ടി ശബ്ദമുയര്ത്തികൊണ്ട് കൈയ്യടി നേടിയ താക്കറെയുടെ കുടുംബം രണ്ടു തലമുറ മുന്പ് മുംബയിലേക്ക് കുടിയേറിയവരാണെന്ന സത്യം ശിവസേനക്കാര് തന്നെ സൌകര്യപൂര് വ്വം മറക്കുന്നു. താക്കറെയുടെ പിതാവ് പ്രബോധന്കര് താക്കറെ പഠിച്ചതും വളര്ന്നതും മധ്യപ്രദേശിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആത്മകഥയില് പറയുന്നു. രാജ് താക്കറെയുടെ പിതാവും അദ്ദേഹത്തിന്റെ ഇളയ സഹോദരനുമായ ശ്രീകന്ത് താക്കറെയും ഒപ്പമുണ്ടായിരുന്നു. മുംബയില് നിന്ന് വടക്കെ ഇന്ത്യാക്കാരെ തുരത്താന് വാളെടുക്കുന്നതിന ് മുന്പ് തന്റെ മുത്തശ്ചന്റെ ആത്മകഥ ഒരു തവണയെങ്കിലും വായിക്കാന് രാജ് താക്കറെ തയ്യാറായിരുന്നെങ്കില് !!!!
മറ്റെല്ലാവരേയും പോലെ ജോലി തേടിയാണ ് താക്കറെ കുടുംബവും മുംബയില് വന്നത്.
സദാനന്ദെന്ന "മദ്രാസി" നടത്തിയിരുന്ന ഫ്രീ പ്രസ്സ് ജേര്ണ്ണലില് കാര്ട്ടൂണിസ്റ്റായാണ ് ബാ ല് താ ക്കറെ ഔദ്ദ്യോഗിക ജീവിതം ആരംഭിക്കുന്നത്. മലയാറ്റൂര് രാമകൃഷ്ണന് ഉള്പ്പെടെയുള്ള പ്രഗത്ഭരായിരുന്നു അന്ന് അവിടെയുണ്ടായിരുന്നത്. നെഹ്രുവിനെ പോലും വിറപ്പിച്ചിരുന്ന ഫ്രീ പ്രസ്സ് ജേര്ണ്ണലിലെ പത്രപ്രവര്ത്തക സിംഹങ്ങള്ക്കിടയില് താക്കറെ വെറും പുഴുവായിരുന്നുവെന്ന് മലയാറ്റൂര് എഴുതിയിട്ടുണ്ട്. തന്റെ കഴിവില് പോലും താക്കറെയ്ക്ക് സംശയം തോന്നുമാറ് അവര് അദ്ദേഹത്തെ പരിഹസിക്കുമായിരുന്നു. ആഴത്തിലേറ്റ ആ മുറിപ്പാടുകളാണ ,് അന്ന് മുംബയിലെ എല്ലാ രംഗങ്ങളിലും ആധിപത്യം പുലര്ത്തിയിരുന്ന തെന്നിന്ത്യക്കാര്ക്കെതിരെ വാളെടുക്കാന് താക്കറെയെ പ്രേരിപ്പിച്ചത്. ആ രോഷത്തില് തന്റെ തായ് വേരുകള് മധ്യപ്രദേശിലാണെന്ന് അദ്ദേഹം മറന്നു. സ്വന്തം പാരന്പര്യത്തെ തള്ളി പറഞ്ഞു കൊണ്ട് താക്കറെ 'മണ്ണിന്റെ മക്കള്' വാദം ആരംഭിച്ചു.
1662-ല് മുംബയ് എന്ന ദ്വീപ് ബ്രിട്ടീഷുകാര് ഏറ്റെടുക്കുന്പോള് കോളികള് എന്ന മുക്കുവരായിരുന്നു അവിടുത്തെ തദ്ദേശിയര്. പുരാതന കാലം മുതല് അവരായിരുന്നു മുംബയുടെ അധിപതികള്. മുംബയ് ദേവിയായിരുന്നു കോളികളുടെ ദൈവം. അവര് തങ്ങളുടെ ദേവിയെ ' 'മുംബാ ആയി ' (മുംബയ് അമ്മ) എന്നു വിളിച്ചു. കോളികളുടെ സൈര്വജീവിതത്തിന ് മേല് ആധിപത്യത്തിന്റെ തേരോടിച്ചുകൊണ്ട് ബ്രിട്ടീഷു കാര് മുംബയുടെ മുഖശ്ചായ മാറ്റി. മുംബയ് ബോംബെയായി. 1853-ല് താനെയ്ക്കും മുംബയ്ക്കുമിടയില് ഇന്ത്യയിലെ ആദ്യ റെയില് വെ ലൈന് നിലവില് വന്നു. അങ്ങിനെ മുംബയ് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളുമായി ബന്ധിക്കപ്പെട്ടു. മുംബയിലെ പ്രധാന കെട്ടിടങ്ങളെല്ലാം ബ്രിട്ടീഷ് പ്രൌഢിയുടെ പ്രതീകങ്ങളാണ ്.
ഇന്നുള്ള മുംബയ്ക്കാരെല്ലാം ബ്രിട്ടീഷ് ഭരണകാലം മുതല് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില് നിന്ന് കുടിയേറിയവരാണ ്. ഇന്ന് മഹാനഗരത്തിന്റെ വ്യവസായ, സാമൂഹിക,ശാസ്ത്രീയ, കലാ സാഹിത്യ സിനിമാരംഗങ്ങളിലുള്ള ഒരാള്ക്ക് പോലും താന് മുംബയ്ക്കാരനാണെന്ന് പറയാന് കഴിയില്ല.രണ്ടോ മൂന്നോ തലമുറ മുന്പ് മുംബയിലേക്ക് കുടിയേറി ജീവിതം കെട്ടി പടുത്തവരാണ ് അവരെല്ലാം. ബാലാ സാഹിബ് താക്കറെ പോലും.
വിഭ്യാസം നേടിയ മറ്റ് സംസ്ഥാനക്കാര് മുംബയിലെ പ്രധാനപ്പെട്ട സ്ഥാനങ്ങള് കൈയ്യടക്കിയപ്പോള് മഹാരാഷ്ട്രക്കാര് മാറ്റി നിര്ത്തപ്പെട്ടു . താക്കറെ അത് മുതലെടുത്തു. പക്ഷെ കാലത്തിന്റെ മാറ്റം ഉള്ക്കൊള്ളാന് ശിവസേനക്കായില്ല. 84- വയസ്സാകുന്പോള് ഏതു കടുവക്കും പല്ലു കൊഴിയും. താക്കറെക്കും അതുതന്നെ സംഭവിച്ചു.
താക്കറെ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തെന്നിന്ത്യക്കാരില് നിന്നല്ല, താന് വളര്ത്തികൊണ്ട് വന്ന മരുമകനില് നിന്നു തന്നെയാണ ്. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്മ്മാണ് സേന, താക്കറെ വെട്ടി തുറന്ന വഴിയിലൂടെ ബഹുദൂരം മുന്നോട്ട് പോയി കഴിഞ്ഞു.
രാജിനെ തോല്പ്പിക്കാനുള്ള ശ്രമത്തില് , തന്റെ സന്നാഹങ്ങളെല്ലാം സ്വരൂകുട്ടി ഒരിക്കല് കൂടി താക്കറെ കാടടച്ച് വെടിവയ്ക്കുകയാണ ്.---ഒരു ഖാനെങ്കിലും വീണാല് അത്രയുമായി.

Friday, February 5, 2010

അച്ചായന്റെ വികൃതികള്‍

പത്രം നടത്തുന്നെങ്കില്‍, അച്ചായന്‍ നടത്തുന്നതുപോലെ നടത്തണം. അല്ലെങ്കില്‍ ഈ പണിക്ക് പോകരുത്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പോലും ഇക്കാര്യം സമ്മതിച്ചു തരും.
വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ ആക്രമണ കേസിലെ പ്രതികളെ പിടിക്കാന്‍ മനോരമ നിസ്തുല്യമായ സേവനമാണ് നല്‍കിയത്. ആക്രമണകാരികളെ പറ്റി യാതൊരു വിവരവുമില്ലാതെ ബുഷും കൂട്ടരും ഇരുട്ടില്‍ തപ്പുമ്പോള്‍, അച്ചായന്‍ പുല്ലുപോലെ സംഭവങ്ങളുടെ പടം വരച്ച്, പിറ്റേത്തെ പത്രത്തിലടിച്ചു. അമേരിക്കകാരന് മനസ്സിലാകാന്‍ ഒരു ക്യാപ്ഷനും കൊടുത്തു: തകര്‍ക്കലിന്റെ നാള്‍ വഴി
മനോരമ പത്രം കിട്ടിയ ഉടന്‍ ചൂടോടെ ബുഷ് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
അച്ചായന്മാര്‍ എന്തുകൊണ്ടും വര്‍ഗ്ഗബോധമുള്ളവരാണ്. പല സന്നിഗ്ദ്ധ ഘട്ടങ്ങളിലും മനോരമ ബുഷച്ചായനെ സഹായിച്ചിട്ടുണ്ട്.
സദ്ദാമിന്റെ കാര്യമെടുക്കാം.
'സദ്ദാമെവിടെയെന്ന് ' ലോകം മുഴുവനും തേടിക്കൊണ്ടിരിക്കെ, അച്ചായന്‍ കൂളായി സദ്ദാമിന്റെ ഒളിത്താവളം ഗ്രാഫിക്കുകളുടെ സഹായത്തോടെ വരച്ചു കാണിച്ചു കൊടുത്തു. മനസ്സിലാകാത്ത ബുഷിനെ പോലുള്ള മണ്ടന്മാര്‍ക്ക് വേണ്ടി സദ്ദാം ഒളിചച്ചരിക്കുന്ന ഗുഹ എന്ന് എഴുതി ആരോ ഇട്ട് കാണിച്ചു കൊടുത്തു. ഇതില്‍ കൂടുതല്‍ ഒരു പത്രത്തിന് എന്ത് ചെയ്യാന്‍ കഴിയും ? നിങ്ങള്‍ പറയൂ?
എന്നിട്ടും സദ്ദാമിനെ പിടിക്കാന്‍ രണ്ടു ദിവസം കൂടിയെടുത്തു. അച്ചായന്റെ അത്ര പോലും ഉത്തരവാദിത്വം മറ്റ് ലോകനേതാക്കള്‍ക്കില്ലാതെ പോയി.
സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ അച്ചായന്‍ കരഞ്ഞു.
അന്നത്തെ ഹെഡ് ലൈന്‍ :മരണത്തിലും പതറാതെ.
ചെറുപ്പത്തില്‍ സദ്ദാം അടിവസ്ത്രം അലക്കിയിട്ടിരുന്ന സ്ഥലത്തിന്റെ പടം വരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒന്നര പേജ് ഫീച്ചര്‍.സദ്ദാമിന്റെ ധീരതയെ വാഴ്ത്തികൊണ്ട് ആറ് ലേഖനങ്ങള്‍.
മനോരമ നിറഞ്ഞാടുതുകണ്ട്, സദ്ദാമിന് വേണ്ടി ക്യാംപെയിന്‍ നടത്തികൊണ്ടിരുന്ന വിപ്ളവചാനല്‍ നാണിച്ച് ആ പണി നിര്‍ത്തി. അച്ചായന്റെ സ്തുതികള്‍ വായിക്കാന്‍ ഇടവന്നിരുന്നുവെങ്കില്‍ സദ്ദാം ആത്മഹത്യ ചെയ്യുമായിരുന്നു. ഏതായാലും അതിനുള്ള ഭാഗ്യമുണ്ടായില്ല.
മനോരമയിലെ ചിത്രകാരന്മാരെ കുറ്റാന്വേഷണ വകുപ്പില്‍ നിയമിക്കാന്‍ രാഷ്ട്രതലവന്മാര്‍ മത്സരം തുടങ്ങിയപ്പോഴാണ് അച്ചായന്‍ വര നിര്‍ത്തിയത്.

സാധാരണക്കാരന്റെ ഭാഷ സംസാരിക്കുതുകൊണ്ടാണ് മനോരമ സാധാരണക്കാരന്റെ പത്രമായത്. വായനക്കാരന് ഇളിഭ്യത തോന്നിയാലും, അച്ചായന്‍ എന്തും പത്രത്തിലെഴുതും. കോട്ടയത്തിന്റെ നിത്യജീവിതത്തില്‍ നിന്നാണ് അച്ചായന്‍ പ്രചോദനം ഉള്‍കൊള്ളുന്നത്. ചാനല്‍ പ്രോഗ്രാമുകളുടെ പേര് തന്നെ നോക്കൂ:
ഒരു ദിവസം സന്ധ്യാ പ്രാര്‍ത്ഥന കഴിഞ്ഞപ്പോഴാണ് അച്ചായന് ചാരക്കേസിലുണ്ടായതു പോലൊരു വെളിപാടുണ്ടായത്. ഈ പേരിലൊരു വാര്‍ത്ത വേണം. ഉടന്‍ പേരിട്ടു.
സന്ധ്യാ വാര്‍ത്ത.
ഭാര്യയുമായി വഴക്കിടുമ്പോഴാണ് അച്ചായന് ആ അമൂല്യമായ വാക്ക് വീണ് കിട്ടിയത്.
"ചോറ് വയ്ക്കാന്‍ ഇവിടെ ഒരു മണി അരി പോലുമില്ല മനുഷ്യാ......'' എന്നായിരുന്നു ഭാര്യയുടെ ആക്രോശം. ഭാര്യാ പീഠനത്തില്‍ മനം നൊന്ത് അച്ചായന്‍ അപ്പോള്‍ തന്നെ പേരിട്ടു:
ഒരു മണി വാര്‍ത്ത.
മണിയോടുള്ള അച്ചായന്റെ ഒബ്സഷന്‍ മനസ്സാലാക്കി, മണിയടിക്കാന്‍ വേണ്ടി ചാനലിലുള്ള അദ്ദേഹത്തിന്റെ ശിങ്കിടികള്‍ എല്ലാ വാര്‍ത്തകള്‍ക്കും മണി കെട്ടി. അങ്ങിനെയാണ് എട്ടു മണി വാര്‍ത്ത, ഒന്‍പതു മണി വാര്‍ത്ത, 10 മണി വാര്‍ത്ത..... തുടങ്ങിയവ പിറവി കൊള്ളുന്നത്.
അച്ചായന് ഇംഗ്ളീഷ് അറിയില്ലെന്നൊരു പൊതുധാരണയുണ്ട്. മലയാളം ഇംഗ്ളീഷില്‍ 'വീക്കാന്‍' തുടങ്ങിയ കാലത്താണ് അതുണ്ടായത്. ഇത് അറിയാവുന്ന മനോരമയുടെ പ്രഖ്യപിത ശത്രുവായ വിപ്ളവചാനലിലെ താടിക്കാരന്‍ ബുദ്ധിജീവി ഒരു ദിവസം വെല്ലുവിളിച്ചു.
"മനോരമക്ക് എന്തെങ്കിലും കൌണ്ടര്‍ പോയിന്റ് ഉണ്ടെങ്കില്‍ അവര്‍ പറയട്ടെ....''
അച്ചായന് സംഭവമങ്ങോട്ട് ശരിക്ക് മനസ്സിലായില്ല. എന്തോ എമണ്ടന്‍ സാധനമാണെന്ന് മാത്രം പിടികിട്ടി. വിപ്ളവക്കാരന്‍ രണ്ടുമൂന്നു തവണ ഇതാവര്‍ത്തിച്ചപ്പോള്‍ അച്ചായന് ദേഷ്യം വന്നു. ആ പേരില്‍ ഉടന്‍ പരിപാടിയാരംഭിച്ചു. ഒറ്റതവണ "കൌണ്ടര്‍ പോയിന്റ്'' കണ്ടതേയുള്ളൂ വിപ്ളവക്കാരന്റെ വായടഞ്ഞു. അച്ചായന്റെ അടുത്താ ഇംഗ്ലീഷിറക്കുന്നേ?
അതുകണ്ട് ആവേശം കയറി തുരുതുരാ കുറെ ഇംഗ്ളീഷ് പേരുകള്‍ കൂടി ഡിക്ഷനറി നോക്കി കണ്ടു പിടിച്ചു.
ഫാസ്റ്റ് ട്രാക്ക്, ഇ ഷോ, പ്രൈം ടൈം ന്യൂസ്, ടോപ്പ് റിപ്പോര്‍ട്ടര്‍, ന്യൂസ് ടു നൈറ്റ്....... ഇക്കാര്യത്തില്‍ അച്ചായനെ തോല്‍പ്പിക്കാനാവില്ലെറിഞ്ഞുകൊണ്ട്, ചെറുകിട ഇംഗ്ളീഷ് പേരുകളുമായി പരിപാടികള്‍ അവതരിപ്പിച്ചിരുന്ന മറ്റു ചാനലുകാര്‍ പിന്‍വാങ്ങി.
മലയാള ഭാഷയെ പരിഭോഷിപ്പിക്കാന്‍ ചില പദാവലികള്‍ കൂടി അച്ചായന്‍ സംഭാവന ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും മനോഹരമായ പദമാണ് 'വോട്ടു വണ്ടി'.(എന്താണാവോ അര്‍ത്ഥം?)
മാണി സാറിന്റെ പ്രസംഗത്തില്‍ നിന്നാണ് മറ്റേ പേര് കിട്ടിയത്.
"നിങ്ങള്‍ പറയൂ''
(എന്ത് പറയാന്‍? ഇത്തരം വൃത്തികേട്ട പരിപാടികള്‍ അവതരിപ്പിക്കുന്നതുകൊണ്ട് പറയേണ്ടത് തെറിയാണ്)
കോട്ടയം കാരുടെ സ്ഥിരം ഡയലോഗുകളിലൊന്നാണ് നേരെ ചൊവ്വെ.
നേരെ ചൊവ്വേ നടക്കടേ, നേരെ ചൊവ്വേ സംസാരിക്കടേ, നേരെ ചൊവ്വെ വസ്ത്രം ധരിക്കടേ.....തുടങ്ങിയ ഡയലോഗുകള്‍ ഇത്രകാലം കോട്ടയത്തിന്റെ മാത്രം സ്വന്തമായിരുന്നു.അതും അച്ചായന്‍ അടിച്ചുമാറ്റി.
ഒന്നേ പറയാനുള്ളൂ: ഈ പരിപാടിയെങ്കിലും ഒന്ന് നേരെ ചൊവ്വേ നടത്തച്ചായാ!!!!

Thursday, February 4, 2010

നിങ്ങള് എന്.മാധവന്കുട്ടിയെ കമ്മ്യൂണിസ്റ്റാക്കി


ദ ന്യൂ ഇന്ഡ്യന് എക്സ്പ്രസ്സിന്റെ മുന് റസിഡന്റ് എഡിറ്ററായിരുന്ന എന് മാധവന് കുട്ടി ദേശാഭിമാനിയുടെ അസ്സോസിയേറ്റ് എഡിറ്ററാവുന്നു.

ഏതാനും വര്ഷങ്ങളായി പിണറായിയുടെ പിണിയാളായി പ്രവര്ത്തിക്കുന്ന മാധവന്കുട്ടിയെ നേരത്തെ ദേശാഭിമാനിയില് നിയമിച്ചിരുന്നുവെങ്കില് ഇപ്പോഴേക്കും അദ്ദേഹം വി.എസിനെ ഒരു വഴിക്കാക്കിതന്നേനെ. പക്ഷേ അക്കാലത്തൊക്കൊ അദ്ദേഹം കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു. പിണറായിക്ക് മേല് മാധ്യമങ്ങള് കുതിരകയറുന്നതുകണ്ട്, ഒരു സുപ്രഭാതത്തില് മാമ്മോദ്ദീസ മുങ്ങി മാധവന്കുട്ടി സി.പി.എം കാരനാവുകയായിരുന്നു.
എക്സ്പ്രസ്സില് നിന്ന് പുറത്തായശേഷം പിണറായിക്ക് വേണ്ടി കൂലിയെഴുത്ത്, ചാനല് ചര്ച്ചകള് തുടങ്ങിയ കലാപരിപാടികളുമായി അദ്ദേഹം സസുഖം വിരാജിക്കുകയായിരുന്നു. ചാനലുകളില് മാധവന്കുട്ടിയുടെ പലവേഷങ്ങളിലുള്ള പകര്ന്നാട്ടങ്ങള് പലകുറി മലയാളി കണ്ടതാണ ്. ചാനല് ചര്ച്ചകളില് ആരെങ്കിലും പിണറായിയെ തൊട്ടാല് അദ്ദേഹം രൌദ്ര ഭീമനാകും. ചര്ച്ചക്ക് വിളിച്ച അവതാരകന്റെ കുടല്മാല കടിച്ചെടുക്കും. ആക്രമിക്കപ്പെടുന്നത് വി.എസ്സ് ഉള്‍പ്പെടെ ലോകത്ത് മറ്റാരായാല് പോലും, മാധവന്കുട്ടി താടിതടവി ,വിദൂരതയിലേക്ക് നോക്കി സാത്വികനാവും. അറവുശാലയിലേക്ക് നയിക്കപ്പെടുന്ന ഒരാട്ടിന്കുട്ടിയുടെ ആ ഭാവം കണ്ടാല് സങ്കടം തോന്നും. ഇ.കെ. നായനാരെ ജനസംഘക്കാരനെന്ന് പരസ്യമായി വിശേഷിപ്പിച്ചിട്ടുള്ള ആളാണ ് മാധവന്‍കുട്ടി.

അദ്ദേഹം പിണറായിക്ക് വേണ്ടി പണിയാരംഭിച്ചപ്പോഴെ പത്രക്കാര് പറഞ്ഞു, മാധവന്കുട്ടി ദേശാഭിമാനിയില് കണ്ടത് വി.എസിന ് കൊടുങ്ങല്ലൂരില് പോലും കാണാന് കഴിഞ്ഞില്ലെന്ന്.
പിണറായിയെ പ്രീതിപ്പെടുത്താന് മാതൃഭൂമിയില് നിന്ന് ഗോപാലകൃഷ്ണനെ പുറത്താക്കിയപ്പോള്, മാധവന് കുട്ടിയുടെ പേര് ആ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു. പിന്നീട് ഫാരീസ് അബൂബക്കറിന്റെ പത്രം തുടങ്ങിയപ്പോഴും മാധവന്കുട്ടിയെ പത്രാധിപസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെന്നാണ ് അറിവ്. തുടങ്ങും മുന്പ് തന്നെ അടച്ചുപൂട്ടേണ്ടെന്ന് കരുതിയാവണം അവിടെയൊന്നും അദ്ദേഹത്തെ എടുത്തില്ല.
സി.പി.എം മാധവന്കുട്ടിയെ ഭീഷിണിപ്പെടുത്തിയെന്ന വാര്ത്ത വന് വിവാദം സൃഷ്യിച്ചിരുന്നു. 2004.ഫെബ്രുവരി 14-ന്റെ എക്സ്പ്രസ്സില് ഇത് ഒന്നാം പേജ് സ്റ്റോറിയായിരുന്നു. ആ മാധവന്കുട്ടി തന്നെയാണോ പിണറായുടെ ചാവേറായി ഇപ്പോള് പിറവിയെടുത്തിരിക്കുന്നതെന്ന് അത്ഭുതംകൂറുന്നവരുണ്ടാകാം. അത്ഭുതപ്പെടേണ്ടതില്ല, ഗതികെട്ടാല് മാധവന്കുട്ടിയും സി.പി.എമ്മാകും. എഴുത്തറിയാവുന്നൊരാള്‍ക്ക് എത്രകാലം വെറുതെയിരിക്കാനാവും? പത്രക്കാര് മെലിഞ്ഞാലും മറ്റുള്ളവരെ ചീത്തപറയുന്ന സ്വഭാവം ഉപേക്ഷിക്കാന് കഴിയില്ല. വര്ഷങ്ങളോളം ചെയ്തുകൊണ്ടിരുന്ന പരിപാടി ഒറ്റദിവസം കൊണ്ട് എങ്ങിനെ അവസാനിപ്പിക്കും?
മാധവന്‍കുട്ടി അടുത്ത കാലത്തു വാര്‍ത്തയില്‍ വന്നത് ലാവലിന്‍ പ്രശ്നത്തെ ജനങ്ങളുടെ മുന്‍പില്‍ എങ്ങനെ അവതരിപ്പിക്കണം എന്ന വിഷയത്തില്‍ കൊടുങ്ങല്ലൂരില് ഏരിയാ സെക്രട്ടറിമാര്‍ക്കും അവര്‍ക്ക് മേലിലുള്ള പാര്‍ട്ടി ഭാരവാഹികള്‍ക്കും സ്റ്റഡി ക്ലാസ് എടുക്കുന്നതിന ് ഇടയില്‍ വി എസിനെ മിമിക്രി കാട്ടിയതിനെ തുടര്ന്നാണ ്. തന്നെ കളിയാക്കി എന്നു വി എസും വി എസു പക്ഷക്കാരും പൊളിറ്റ് ബ്യുറോയ്ക്ക് പരാതി നല്‍കി. അങ്ങിനെ വളരെ നാളുകള്‍ക്ക് ശേഷം മാധവന്കുട്ടി എന്ന പേര് പത്രത്തില് അച്ചടിച്ചു വന്നു.
ഇനി മാധവന്കുട്ടിയുടെ മിമിക്രികള്ക്കുള്ള വേദി ദേശാഭിമാനിയാണ ്. കാഴ്ചക്കാരായി പിണറായി ക്കാര്മാത്രമേ ഉള്ളൂവെന്നതിനാല് അവിടെ എന്തും കാണിക്കാം. പുറം ലോകം അറിയില്ല.
നല്ലൊരു പത്രപ്രവര്ത്തകന് എന്ന് പേരെടുത്ത വ്യക്തിയാണ ് എന്.മാധവന്കുട്ടി. പക്ഷേ സമീപകാലത്ത് ചാനലുകളിലൂടെയും അല്ലാതെയും അദ്ദേഹം അവതരിപ്പിക്കുന്ന മിമിക്രികളുടെ നിലവാരം വേദനാജനകമാംവിധം താഴ്ന്നതാണ ്.

Wednesday, February 3, 2010

ഭാര്യമാരെ നേരിടേണ്ടതെങ്ങിനെ?




ലോകം ഉണ്ടായ കാലം മുതല് പാവം ഭര്ത്താക്കന്മാര് നേരിടുന്ന അതീവ ഗുരുതരമായ ഒരു പ്രശനത്തെ സംബദ്ധിച്ചാണ ് പറയാന് പോകുന്നത്.
ഭര്ത്താക്കന്മാര് അസംഘടിതരാണല്ലോ, ഞങ്ങള്ക്ക് യൂണിയനില്ല. ലീവില്ല, പിഎഫ്, ഗ്രാറ്റിവിറ്റി തുടങ്ങിയ യാതൊരു ആനുകൂല്യങ്ങളുമില്ല.
എന്തിന ് റിട്ടയര്മെന്റു പോലുമില്ല. (അല്ലെങ്കില് വോളന്ററി എടുത്ത് രക്ഷപ്പെടാമായിരുന്നു.)
എന്നിട്ടും , പകല് മുഴുവന് അദ്ധ്വാനിച്ച്, വിയര്‍ത്ത്, വിളറി, തളര്‍ന്ന് അവശരായി വീട്ടിലെത്തുന്ന ഭര്‍ത്താക്കന്മാരോട് ദിവസവും ഭാര്യമാര് ചോദിക്കുന്ന നിന്ദ്യവും ക്രൂരവും ജുഗുപ്ത്സാവഹവുമായ ഒരു ചോദ്യമുണ്ട്:
" ഇന്നും കുടിച്ചിട്ടുണ്ടില്ലേ? "
(ചോദ്യത്തിലെ 'ഇന്നും' എന്ന പദം പ്രത്യേകം ശ്രദ്ധിക്കുക. പതിവു പോലെയെന്നര്‍ത്ഥം. ക്രിസ്തുമസ്സിനും ഈസ്റ്ററിനും മാത്രം ഓരോ പെഗ്ഗടിക്കുന്ന നിഷ്കളങ്കനും ശുദ്ധനും വെളുത്തവനുമായ ഭര്ത്താവ് എന്ന ജീവിയോടാണ ് ചോദ്യമെന്നോര്ക്കണം.)
ഇതിന ് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തില് ഭര്ത്താവ് വര്ഗ്ഗം അപലപിക്കുന്ന പല മാര്ഗ്ഗങ്ങളാണ ്, എല്ലാ മദ്യപാനികളുടെയും നന്മയെ കരുതി ഇവിടെ പരാമര്ശിക്കുന്നത്.
ഈ ചോദ്യത്തിന ് മുന്‍പില് പതറാത്ത ഭര്ത്താക്കന്മാര് ഭിത്തിക്ക് നേരെ തിരിഞ്ഞു നിന്ന് "ഇല്ല" എന്ന് ഉറക്കെ പറഞ്ഞ് മസ്സിലു പിടിച്ച്, വീഴാതെ, ശ്രദ്ധിച്ച് അടുത്തമുറിയിലേക്ക് പോകും.
ഭാര്യമാരുണ്ടോ വിടുന്നു. തുടര് ചോദ്യങ്ങളുമായി അവരും പിന്നാലെ വരും.
"പിന്നെയന്തിനാ ഓടുന്നെ അവിടെ നില്ല്. മണത്തു നോക്കട്ടെ"
അക്കാര്യത്തില് പേടിയില്ല; മണത്തുനോക്കിയാല് എന്ത്? വിക്സ് മിഠായിയുടെ മണം.

(ശ്രദ്ധിക്കുക: മൌത്ത് ഫ്രെഷ്നര് എന്ന ലേബലില് മദ്യപന്മാര്ക്ക് വേണ്ടി വിപണിയിലിറക്കുന്ന പലതിലും മായമാണ ്. അത്തരം പദാര്‍ത്ഥങ്ങളുടെ മണം ഇനി പറയുന്ന സമയത്തേക്ക് മാത്രമേ നിലനില്ക്കുകയുള്ളൂ. ഹാള്‍സ് - 10 മിനിട്ട്, വിക്സ്-12 മിനിട്ടും 20 സെക്കന്‍ഡും, ഒര്ബിറ്റ്--0 മിനിട്ട്, പോളോ- 2 മിനിട്ട്. താലീസ്, മൌത്ത് ഫ്രഷ് തുടങ്ങിയ സാധനങ്ങള് തിന്ന് വാ കേടാക്കേണ്ട. അതു കൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. വിക്സ് ബാം മുഖമടച്ച് പുരട്ടിയാല് കുറെ സമയത്തേക്ക് പിടിച്ചു നില്ക്കാം-ജെ.പി)
മറ്റു ചിലരാകട്ടെ, മൌനം മദ്യപാനിക്കും ഭൂഷണമെന്ന ഭാവേന നിശബ്ദത പാലിക്കും. അത് സംശയം വര്ദ്ധിപ്പിക്കും. ഇത്തരം സന്നിദ്ധ ഘട്ടങ്ങളില് ലോകത്ത് ഇന്നേ വരെ ഒരു മദ്യപാനിയും നിശബ്ദത പാലിച്ച ചരിത്രമില്ലെന്ന് ഓര്ക്കണം. എത്ര നേരം മിണ്ടാതിരിക്കും?
"നിങ്ങളുടെ വായിലെന്താ നാക്കില്ലേ ? "
"കയറി വന്നപ്പോഴേ മനസ്സിലായി ഫിറ്റാ, അല്ലിയോ ?"
തൂടങ്ങിയ പ്രകോപിതമായ ചോദ്യങ്ങള്ക്ക് മുന്പില് പൊട്ടിതെറിക്കാതിരിക്കാന് ഒരു യഥാര്ത്ഥ മദ്യപാനിക്ക് കഴിയില്ല. ഒടുവില് അത് അടികലശലില് എത്തും. ഫിറ്റും ഇറങ്ങി പോകും.

കിടന്നുകൊണ്ട് പ്രവേശിക്കുക എന്നതാണ ് മറ്റൊരു ഉത്തമമായ മാര്ഗ്ഗം. ബോധമില്ലാത്തവനോട് എന്തു പറയാന് എന്നു കരുതി ഭാര്യമാര് മിണ്ടാതിരിക്കും. തെറി മുഴുവന് പിറ്റേന്ന് കേട്ടാല് മതി. രാവിലെ മറ്റു തിരക്കുകള് ഉള്ളതിനാല് സഹിക്കേണ്ട സമയം കുറവായിരുക്കുമെന്നൊരു ഗുണമുണ്ട്.
'ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്പേ 'എന്ന പദ്ധതി നമ്മുടെ പൂര് വ്വികന്മാരായ മദ്യപന്മാര് വിജയകരമായി നടപ്പാക്കിയ ഒന്നാണ ്.
ഭാര്യക്ക് സംസാരിക്കാന് അവസരം കൊടുക്കാതെ കയറിചെല്ലുന്പോഴെ തട്ടികയറുക.
"ഗെയിറ്റ് തുറക്കാന് എന്താ ഇത്ര താമസം, എത്ര നേരമായി ഹോണടിക്കുന്നു, കാപ്പികപ്പെന്താ ഇവിടെയിരിക്കുന്നേ," തുടങ്ങിയ സ്ഥിരം കുടുംബകലഹ പദാവലികള് നിങ്ങളെ ഇക്കാര്യത്തില് സഹായിക്കും.
ദീര്ഘകാലാടിസ്ഥാനത്തില് നടപ്പാക്കാന് കഴിയില്ലെന്നതാണ ് ഈ പദ്ധതിയുടെ പോരായ്മ. മാത്രമല്ല, ഇതിന ് മിനിമം ബോധം അത്യാവശ്യമാണ ് . (കാപ്പി കപ്പു കണ്ടാല് ബക്കറ്റാണെന്ന് തോന്നുന്ന അവസ്ഥയില് ഇത് പൊളിഞ്ഞു പോകും.)
ഒരു പാര്ട്ടിയുണ്ടായിരുന്നുവെന്നതാണ ് മറ്റൊരു പതിവ് പല്ലവി.
ഇതും അപകടകരമായൊരു പ്രസ്ഥാവനയാണ ് .
" എന്നിട്ട് എന്നെ എന്തേ കൊണ്ടുപോയില്ല" എന്നാവും ആദ്യപ്രതികരണം. (പാര്ട്ടി മീനൂസ് ബാറിലാ. ഭാര്യയേയും കൊണ്ട് പോകാന് പറ്റിയ സ്ഥലം)
പ്രതികരണം 2 : "പാര്ട്ടിക്ക് പോയെന്ന് കരുതി കുടിക്കണമെന്നുണ്ടോ? അവിടെ വിഷം തന്നാല് അതും നിങ്ങള് കുടിക്കുമോ ? "
(പാര്ട്ടിക്ക് ആരെങ്കിലും വിഷം വിളന്പുമോ എന്ന ചേദ്യം അപ്രസക്തമാണ ്. നമ്മുടെ ഭാഗ്യം കൊണ്ട് അത്രയ്ക്കൊക്കെ ബുദ്ധിയേ ദൈവം കൊടുത്തിട്ടുള്ളൂ. മറ്റൊരു പണിക്കും കൊള്ളില്ലെന്ന് സ്വയം ബോധ്യപ്പെടുന്പോഴാണല്ലോ ഭാര്യയുടെ ജോലി സ്വീകരിക്കുന്നത്)

കുടിച്ചിട്ടുണ്ടെന്ന് സമ്മതിക്കുകയാണ ് ഏറ്റവും നല്ല മാര്ഗ്ഗം.
" ഒരു സുഹൃത്തിനെ കണ്ടു അങ്ങിനെ പെട്ടു പോയതാ "
താത്കാലികമായി ഭാര്യ സംതൃപതയയാകും. എത്ര നല്ലവനായ ഭര്ത്താവ്! ഒരു പെഗ്ഗ് അടിച്ചാല് പോലും എന്റെ അടുത്ത് സമ്മതിച്ചല്ലോ. കുറ്റം മുഴുവന് സുഹൃത്തിനിരിക്കുകയും ചെയ്യും.
" ഈ കൂട്ടുകാരാ നിങ്ങളെ നശിപ്പിക്കുന്നത്. ഇവന്മാര്ക്കൊന്നും വീടും കുടിയുമില്ലേ (മറ്റേ കുടി), ഇനിയെങ്കിലും ഈ കൂട്ടുകെട്ടൊന്ന് അവസാനിപ്പിക്ക്.ഇവന്റെയൊക്ക തലയില് ഇടിത്തീ വീഴും....."
അതുകുഴപ്പമില്ല. ഇല്ലാത്ത സുഹൃത്തിന്റെ തലയില് ഇടിത്തീ വീണാല് നമുക്കെന്ത്?
എങ്കിലും വഴക്കുണ്ടായാല് ഒരു രാത്രിയുടെ നഷ്ടമേയുള്ളൂ. ഇത്തരം വിദഗ്ദ്ധോപദേശങ്ങള് കേട്ടാല് ജീവിതകാലം മുഴുവന് തികട്ടി വരും.
9 പെഗ്ഗടിച്ചിട്ട് ഒരു പെഗ്ഗേ അടിച്ചുള്ളൂവെന്ന് പറയുക, വൈറ്റ് അടിച്ചിട്ട് ബീയറാണെന്ന് പറയുക തുടങ്ങിയ മറ്റു നിരവധി മാര്ഗ്ഗങ്ങളുണ്ട്. വിസ്താരഭയം മൂലം വിശദ്ധീകരിക്കുന്നില്ല. മുകളില് പറഞ്ഞവയൊന്നും ഭാര്യമാരില് നിന്ന് രക്ഷപ്പെടാനുള്ള ശാശ്വതമാര്ഗ്ഗങ്ങളല്ല. തലമുറകളായി ആര്ജിച്ചെടുത്ത അവരുടെ ഘ്രാണശക്തി ദിനം പ്രതി വര്ദ്ധിച്ചു വരികയാണ ്. ഇതിന ് അടിയന്തിരമായി പോം വഴി കണ്ടേപറ്റൂ. വിജയകരമായ മറ്റെന്തെങ്കിലും മാര്ഗ്ഗമുണ്ടെങ്കില് വായനക്കാര് ഉടന് അറിയിക്കണമെന്നപേക്ഷിക്കുന്നു.
ഇറാനില് അമേരിക്ക ആറ്റം ബോംബിടുന്നതുപോലുള്ള ആഗോള പ്രശ്നങ്ങളെ കുറിച്ച് ആലോചിച്ച് അസ്വസ്ഥനാകുന്പോള് അരപെഗ്ഗടിക്കുന്ന പാവം പാവം ഭര്ത്താക്കന്മാരെ ഇങ്ങെനെ പീഠിപ്പിക്കാമോ?
നിങ്ങള് പറയൂ.