Sunday, January 31, 2010

ആത്മകഥ

ആത്മകഥക്ക് ആഴം പോരെന്നും അര്‍ത്ഥഗര്‍ഭമല്ലെന്നും അവള്‍ പറഞ്ഞു.
അഞ്ചു വാക്യങ്ങളില് ആരങ്കിലും ആത്മകഥ എഴുതുമോ ?
അന്ന് ഗുല്‍മോഹറുകള്‍ പൂക്കും കാലമായിരുന്നു.
കൈയ്യില് കസവുചുറ്റിയ മഞ്ഞബ്ബൌസിനു ള്ളില് അവള് വസന്തമായി.
പൂക്കള് പെയ്ത സായാഹ്നത്തില് ഞാനവളുടെ വിരല് തുന്പില് തൊട്ടു. വിരലുകള്ക്ക് മഴ തുള്ളിയുടെ തണുപ്പായിരുന്നു. വെളുത്തൊട്ടിയ വയറില് കാതുചേര്‍ത്ത് മഴയിരന്പം കേട്ടു.
ക്രിസ്തുമസ്സ് തലേന്ന്, നിലാവില് നിറഞ്ഞ പുഴകടന്ന് പള്ളിയിലേക്ക് പോകുന്പോള് അകലെ ജമന്തി പൂക്കളുടെ പാടമുണ്ടെന്നവള് കാതില് പറഞ്ഞു.
മാലാഖമാര്‍ക്കും അവളെ ഇഷ്ടമാണെന്ന് അന്നാണ ് ഞാനറിഞ്ഞത്.
പിന്നെ, ഒരുവാക്കിന്റെ ഇരുകരകളില് ഞങ്ങള് അന്യരായി.
തൊണ്ടയില്‍ കുരുങ്ങിയ യാത്രമൊഴി പനിയായി പൊള്ളി.
പാതിവഴിയില് അവള് പടിയിറങ്ങി പോയി.
കണ്ണീരിന്റെ നനവു പടര്ന്ന ് ആകൃതി നഷ്ടപ്പെട്ട, ഇടത്തോട്ട് ചെരിവുള്ള ചെറിയ അക്ഷരങ്ങളിലെഴുതിയ ഒരു കത്ത് മാത്രം ഞാന് കരുതി വച്ചു.

Friday, January 29, 2010

ജോണ്‍എബ്രഹാം: മലയാള സിനിമയുടെ ഹിറ്റ്ലര്‍


ഏകാകിയായ ഒരു കൊടുങ്കാറ്റായാണ് ജോണ്‍ എബ്രഹാം മലയാള സിനിമയിലേക്ക് കടന്നു വന്നത്.മടക്കവും അങ്ങിനെതന്നെയായിരുന്നു.സിനിമയിലെ ഒട്ടേറെ സൌഹൃദങ്ങള്‍ക്കിടയിലും ജോണ്‍ ഒറ്റയാനായിരുന്നു.
എന്‍റെ സിനിമയുടെ ഹിറ്റ്ലര്‍ ഞാന്‍ മത്രമാണെന്ന് പറയുന്ന ചങ്കുറപ്പ് അന്നുവരെ മലയാള സിനിമക്ക് അന്യമായിരുന്നു.
അലക്കിതേച്ച നമ്മുടെ കപടമാന്യതകളെ തന്‍റെ മുഷിഞ്ഞുനാറുന്ന കുര്‍ത്തയും മദ്യം മണക്കുന്ന വാക്കുകളും കൊണ്ട് അദ്ദേഹം പ്രതിരോധിച്ചു. നാലു സിനിമകളും മൂന്ന് ഡോക്ക്യുമെന്ററികളും കൊണ്ട് അദ്ദേഹം മലയാള സിനിമയുടെ മാനസപുത്രനായി.
ജോണിനെ സുഹൃത്തുക്കള്‍ മദ്യശാലകളില്‍ നിന്ന് മദ്യശാലകളിലേക്ക് ഒരു ആഘോഷം പോലെ ചുമന്നുകൊണ്ട് പോകുമായിരുന്നുവെന്ന് കെ.എന്‍ ഷാജിയുടെ പുസ്തകത്തില്‍ പറയുന്നു. പക്ഷെ തന്റേതുമാത്രമായ നിമിഷങ്ങളിള്‍ പ്രതിഭയുടെ വിങ്ങലേറ്റ് വിറകൊണ്ട ജോണിന്റെ നൊന്പരമറിയാന്‍ ആര്‍ക്കും കഴിഞ്ഞില്ല.സിനിമയോടുള്ള പൂര്‍ണ്ണസമര്‍പ്പണമാണ് സമകാലീനരില്‍ നിന്ന് ജോണിനെ വ്യത്യസ്തനാക്കിയത്.മദ്യലഹരിയില്‍ ജോണ്‍ തന്റെ പ്രതിഭ ധൂര്‍ത്തടിച്ചു.തിരക്കഥയില്ലാതെ സിനിമയെടുത്തുകൊണ്ട് തന്റെ കഴിവിന് ജോണ്‍ അടിവരയിട്ടു.
സിനിമയാണ് എന്റെ എല്ലാം എന്ന് ഇടയ്കിടെ പറയുമായിരുന്നെങ്കിലും, സിനിമയെടുക്കാന്‍ വേണ്ട അച്ചടക്കം അദ്ദേഹം നഷ്ടപ്പെടുത്തി. അതുകൊണ്ടാണ് ലോകസിനിമയിലെ തന്നെ ഏറ്റവും ഉജ്വലമാവേണ്ടിയിരുന്ന അമ്മഅറിയാനും ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും അവഗണിക്കപ്പെട്ടത്.
ക്യാനില്‍ തന്റെ സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ മുന്‍ സീറ്റിലിരുന്ന് ജോണ്‍ തന്നെ കൂവി.അങ്ങിനെ ചെയ്യാന്‍ തനിക്ക് മാത്രമേ അവകാശമുള്ളൂവെന്ന് ജോണ്‍ വിശ്വസിച്ചു.
കോഴിക്കോട്ടെ ഒരുവീടിന്റെ ടെറസ്സില്‍ നിന്ന് വീണ് അഞ്ജാത ജഡമായി ജോണ്‍ അശുപത്രിയില്‍ കിടന്നു.പ്രതിഭയുള്ള മഹാനായ മറ്റൊരു കലാകാരനും ഇത്ര ദാരുണമായ മരണം ഉണ്ടായിരിക്കില്ല.എനിക്കുറങ്ങാന്‍ മേല്‍കൂര വേണ്ട ആകാശത്തിന് ചുവട്ടില്‍ എവിടെകിടന്നും എനിക്കുറങ്ങാന്‍ കഴിയുമെന്ന് ജോണ്‍ ഇടയ്ക്കെല്ലാം പറയുമായിരുന്നത് അക്ഷരാര്‍ത്ഥത്തില്‍ സത്യമായി.

Thursday, January 28, 2010

ഒരു പത്രപ്രവര്‍ത്തകന്‍റെ രൂപപരിണിതി

കടം കൊണ്ട തൂലികയും
കടലെടുത്ത സ്വപ്നങ്ങളുമായി
ഞാന്‍ ഇവിടെ അന്യന്റെ ജാതകം തിരുത്തിയെഴുതുകയാണ ്. പത്രപ്രവര്‍ത്തനം മടുക്കുന്പോള്‍ നിങ്ങള്‍ക്കും ഇത് പരീക്ഷിക്കാവുന്നതാണ ്. മറ്റുള്ളവരെ പറ്റി എഴുതുന്ന ദോഷങ്ങള്‍ അറം പറ്റാതെ നോക്കണം. ജ്യോത്സ്യന്റെ കണ്ണുകളിലൂടെ അനന്തതയിലേക്ക് എത്തിനോക്കാനുള്ള ശ്രമം. ഭാവിയില്‍ ഞാന്‍ നല്ലൊരു ജ്യോത്സനാകാനുള്ള സാധ്യതയുണ്ടെന്നാണ് സഹപ്രവര്‍ത്തക പറയുന്നത്. കുറ്റബോധം കഴുകികളയാന്‍ മദ്യത്തിന്റെ അടങ്ങാത്ത ആസക്തികളിലേക്ക് ഇടയ്ക്കിടെ ഊളിയിടുന്നതുകൊണ്ടാണ ് സ്ഥിരമായി ബ്ളോഗ് എഴുതാന്‍ കഴിയാത്തത്.മദ്യപാനികള്‍ക്ക് വിഷയദാരിദ്രമില്ല.സുഹൃത്തിന്റെ വിശ്വാസ വഞ്ചനയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിഷയം.
''കപടസ്നേഹിത നിന്നോട് ജീവിത വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍ തെരുവില്‍ വച്ചു നീ കാണുന്പോഴൊക്കെയും ചിരിവിരിക്കുന്നു മുന്‍വരി പല്ലിനാല്‍
കുരുതി ചെയ്യുവാന്‍ ആയുധം തേടുന്നു''

Friday, January 8, 2010

അനിയന്‍ എന്ന അത്ഭുതം



'കാള്‍ വൈശാഖി'യാണ് സമീപകാലത്തായി മേഫെയറിലെ പ്രധാന ചര്‍ച്ചാവിഷയം. കെ.എസ് അനിയന്റെ പുതിയ നോവലാണ് 'കാള്‍ വൈശാഖി'. ജനശക്തിയിലാണ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ലക്കങ്ങളും വായിക്കാന്‍ കഴിഞ്ഞില്ല. കെ. എസ് അനിയന്റെ കടുത്ത ആരാധകനായ രാജന്‍ചേട്ടനാണ് നോവലിന്റെ ചില ലക്കങ്ങള്‍ തന്നത്.

ബംഗാളിലെ വേനലില്‍ പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും അപ്രതീക്ഷിതമായി പെയ്യുന്ന മഴയുമാണ് കാള്‍ വൈശാഖി. ഗൃഹാതുരത്വമുണര്‍ത്തുന്ന പേര്. ബംഗാളിന്റെ ഭൂമിക മലയാളിക്ക് അന്യമല്ല. സി.വി ശ്രീരാമന്റെയും മറ്റും കഥകളില്‍ നാമത് കണ്ടതാണ്.തിരഞ്ഞെടുത്ത പദാവലിയുടെ അനുക്രമമായ വിന്യാസത്തിലൂടെ ബംഗാളിന്റെ പശ്ചാത്തലം ഒരു ക്യാന്‍വാസിലെന്നപോലെ വരച്ചിടാന്‍ അനിയന് കഴിഞ്ഞിട്ടുണ്ട്.

സുഖദമായ വായനാനുഭവമാണ് കാള്‍ വൈശാഖി പ്രദാനം ചെയ്യുന്നത്. എങ്കിലും കഴിഞ്ഞവര്‍ഷത്തെ ഏറ്റവും നല്ല നോവലുകളുടെ പട്ടികയില്‍ കാള്‍ വൈശാഖി ഉള്‍പ്പെടുമോ എന്ന് എനിക്ക് സംശയമുണ്ട്.വീണ്ടും വീണ്ടും നോവലിലേക്ക് മടങ്ങിവരാന്‍ പ്രേരിപ്പിക്കുന്നതോ, ആവര്‍ത്തനവായനയിലൂടെ മാത്രം വ്യക്തമാക്കപ്പെടുന്നതോ ആയ അര്‍ത്ഥതലങ്ങള്‍ ഈ നോവലിനില്ല. അനിയന്റെ ബിംബങ്ങളും രൂപകല്‍പ്പനകളും പലപ്പോഴും അരോചകമാവുന്നു. നിരാലംബമായി മലര്‍ന്നുകിടക്കുന്ന റോഡിന്റെ നെഞ്ചില്‍ പകലിന്റെ തീ വെളിച്ചം പുളയുന്നു എന്ന വിവരണത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. റോഡിന്റെ നെഞ്ച് എന്നത് പോലെ അപക്വമായ ഒട്ടേറെ പ്രയോഗങ്ങള്‍ ഈ നോവലില്‍ ഉടനീളമുണ്ട്. വെയില്‍ ഒരു ഒബ്സെഷന്‍ പോലെ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു. വേഗത്തില്‍ ഓടിമറയുന്ന കാഴ്ചകള്‍ക്ക് മീതെ വെയില്‍ വെളിച്ചത്തിന്റെ തിരശ്ശീലയിളക്കുന്നുവെന്ന വിവരണം, നിറം മങ്ങിയതും അനവസരത്തിലുള്ളതുമാണ്. വെയില്‍ വെളിച്ചത്തിന്റെ തിരശ്ശീലയിളക്കുന്നുവെന്ന് എഴുതാന്‍ അസാധാരണ ചങ്കൂറ്റം വേണം. തിരശ്ശീല എന്നതുകൊണ്ട് അനിയന്‍ എന്താണാവോ അര്‍ത്ഥമാക്കുന്നത്?

' ജീവിതം എന്ന അത്ഭുതം' വായിച്ചപ്പോഴാണ് അനിയനെന്ന എഴുത്തുകാരനെ ഞാന്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞത്.മരണത്തിന് മുമ്പില്‍ പകച്ചുപോകുന്ന ഒരുപറ്റം മനുഷ്യരുടെ വ്യഥകളാണ് അനിയന്‍ പകര്‍ന്നു വയ്ക്കുന്നത്. ഡോക്ടര്‍ ഗംഗാധരനെന്ന മഹാമനുഷ്യസ്നേഹിയുടെ കളങ്കരഹിതമായ നേര്‍കാഴ്ചകളാണ് ജീവിതം എന്ന അത്ഭുതത്തെ അതുല്യമാക്കുന്നത്. ക്യാന്‍സര്‍ വാര്‍ഡിലെ മരണത്തിന്റെ ഭീതിതമായ സാന്നിധ്യം,ഒരു നിലയ്ക്കാത്ത നിലവിളി പോലെ ജീവിതം എന്ന അത്ഭുതത്തെ ചൂഴ്ന്ന് നില്‍ക്കുന്നു.

തന്റെ കണ്‍മുമ്പില്‍ ഞെട്ടറ്റു വീഴുന്ന ജീവിതങ്ങളുടെ തുടിപ്പുകളത്രയുമേറ്റുവാങ്ങി, വിനയാന്വിതനാകുന്ന വി.പി ഗംഗാധരനെന്ന ഡോക്ടറെ വായനക്കാരന് ഒരിക്കലും മറക്കാന്‍ കഴിയില്ല.മാറ്റമില്ലാത്ത മരണത്തിന്റ നിശ്ചയത്തിന് മുമ്പില്‍ ഡോക്ടര്‍ നിസ്സഹായനാകുന്നു.ഇവിടെ എഴുത്തുകാരനും നിശബ്ദനായ പ്രേക്ഷകന്റെ കൂട്ടത്തിലേക്ക് ചുവടുമാറുന്നു. കുനിഞ്ഞ ശിരസ്സുമായി മരണത്തിലേക്ക് നടന്നടുക്കുന്ന വിളറിയ ജീവിതങ്ങളെ, ചോരപടര്‍ന്ന വാക്കുകളുടെ ക്യാന്‍വാസിലാണ് അനിയന്‍ കോറിയിടുന്നത്. സ്വന്തം ജീവിതാനുഭവങ്ങളാണ്, അനന്തതയെ സ്പര്‍ശിക്കുന്ന വാക്കുകളിലേക്ക് അന്യന്റെ ദുഖത്തെ ആവാഹിക്കാന്‍ അനിയന് പ്രേരണയായതെന്ന് രാജന്‍ ചേട്ടന്‍ പറഞ്ഞു.

വായനക്കാരന്റെ മനസ്സില്‍ ആഴത്തിലുള്ള നൊമ്പരചാലുകള്‍ കീറിക്കൊണ്ടാണ് ഓരോ കഥാപാത്രങ്ങളും ജീവിതത്തില്‍ നിന്ന് ഇറങ്ങി പോകുന്നത്. എനിയ്ക്കിത് സംഭവിച്ചില്ലല്ലോ എന്ന ആശ്വാസവും മറ്റൊരാള്‍ക്ക് സംഭവിച്ചതിലുള്ള ആകാംഷയുമാണ് ദുരന്തകഥകളെ പ്രീയപ്പെട്ടതാക്കുന്നത്. ലോകസാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത് ദുരന്തകഥകളാണ്. അന്യന്റെ ദുഖമറിയാനുള്ള മനുഷ്യന്റെ അടങ്ങാത്ത അത്യാര്‍ത്തിക്ക് ഉദാഹരണമായി ദുരന്ത സാഹിത്യം ലോകമെമ്പാടും വായിക്കപ്പെടുന്നു. ഇത്തരത്തില്‍ മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഏതൊരു കൊടുമുടിയ്ക്കൊപ്പവും തലയെടുപ്പോടെ നില്‍ക്കും, ജീവിതം എന്ന അത്ഭുതം.

മരണത്തെ മാറ്റിയെവഴുതാന്‍ മനുഷ്യന്റെ കണ്ടെത്തലുകള്‍ക്ക് ഇനിയുമായിട്ടില്ലെന്ന് ഈ പുസ്തകത്തിന്റെ താളുകളില്‍ പിടയുന്ന ഓരോ ജീവിതവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അഹങ്കാരം നിറഞ്ഞ ആഹ്ളാദങ്ങളില്‍ സ്വയം മറക്കുമ്പോള്‍ ജീവിതം എന്ന അത്ഭുതം ആവര്‍ത്തിച്ചു വായിക്കുന്നത് നന്ന്. അത് നിങ്ങളെ ജീവിതത്തിന്റെ അനശ്ചിതത്വം ബോധ്യപ്പെടുത്തും.

ദുരന്തത്തിന്റെ കയങ്ങളിലേക്ക് ആഴ്ന്ന് പോകുന്നവര്‍ക്ക് ആശ്വാസത്തിന്റെ തിരിനീട്ടാന്‍ വെമ്പല്‍ കൊള്ളുമ്പോഴും, വിധിമാറ്റിയെഴുതാന്‍ തനിക്കാവില്ലല്ലോ എന്ന് ഖേദിക്കുന്ന ഒരു ഡോക്ടറുടെ സഹാനുഭൂതിയാണ് ഈ പുസ്കതത്തെ മികച്ച വായനാനുഭവമാക്കുന്നത്. തന്റെ കൈകളിലൂടെ പിടഞ്ഞു വീഴ്ന്നു ജീവിതങ്ങളുടെ അവസാന നിശ്വാസങ്ങള്‍ ഏറ്റുവാങ്ങി ഓരോ തവണയും അദ്ദേഹം തളരുന്നത് വായനക്കാരന്‍ തൊട്ടറിയുന്നു. നൊമ്പരകാഴ്ചകളുടെ മരണമുഖത്ത് തൊഴുകൈകളോടെ അദ്ദേഹം നില്‍ക്കുകയാണ്.

ജീവിതത്തിന്റെ പെരുവഴിയില്‍ കാലിടറി വീഴ്ന്ന ഒരു കൂട്ടം മനുഷ്യര്‍. അവസാനത്തെ വഴിയമ്പലത്തില്‍ വച്ച് ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ ലാഭനഷ്ടങ്ങളുടെ കോളം കൂട്ടുമ്പോള്‍ നഷ്ടങ്ങളുടെ പെരുക്കപ്പട്ടികയില്‍ ചോര പൊടിയുന്നു. അവസാനത്തെ സഹയാത്രികരുടെ കളങ്കരഹിതമായ സൌഹൃദം.എല്ലായാത്രകളും ഒരേ ലക്ഷ്യത്തിലേക്കാണ്. പൊങ്ങച്ചങ്ങളോ പൊള്ളത്തരങ്ങളോയില്ല.അല്ലെങ്കില്‍ തന്നെ ഈ ലോകത്തെ അവസാന നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ജീവിതത്തിന്റെ പതിവ് രീതികള്‍ നിരര്‍ത്ഥകമാവുന്നു.വാടി വീഴുന്ന ആ ജീവിതങ്ങളിലേക്ക് ഒരു പ്രാര്‍ത്ഥനാ ദൂരത്ത് നിന്നുകൊണ്ട് അനിയന്‍ എത്തിനോക്കുകയാണ്. കണ്ണീരിന്റെ നനവുപടര്‍ന്ന അക്ഷരങ്ങളിലൂടെയാണ് ഞാനവരുടെ ജീവിതം വായിച്ചത്. അല്‍പ്പം മുമ്പ് വരെ ഇവരും നമുക്കൊപ്പം ഉണ്ടായിരുന്നുവെന്ന് നൊമ്പരത്തോടെയല്ലാതെ ആര്‍ക്കാണ് ഓര്‍ക്കാന്‍ കഴിയുക.

മരണമുനമ്പിലും വിപണനസാദ്ധ്യതകള്‍ തേടുന്നവര്‍ക്ക് ഈ രോഗികളേയും ഡോക്ടറെയും തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല. മുത്തയ്യ മുരളീധരന്റെ പന്തില്‍ യുവരാജ് സിംങ്ങിനെ മഹിലാ ജയവര്‍ദ്ധനെ ക്യാച്ചൌട്ടാക്കിയതോര്‍ത്ത് മൂഡോഫാകുന്ന ഇന്നത്തെ ചെന്ത് പിള്ളേര്‍ക്ക് അന്യന്റെ ദുഖങ്ങളറിയാന്‍ സമയമില്ല. എങ്കിലും മനസ്സിന്റെ ഉറവുകള്‍ വറ്റാത്ത നല്ല സഹൃദയര്‍ക്ക് ജീവിതം എന്ന അത്ഭുതം നിതാന്ത വേദനപകരുന്ന വായനാനുഭവം പകര്‍ന്നു നല്‍കും.

Thursday, January 7, 2010

പ്രീയപ്പെട്ട കെ.കെ.........




മുംബയ് പ്രസ്സ് ക്ളബ്ബിന്റെ തിരക്കൊഴിഞ്ഞ മൂലയില്‍ വയസ്സന്‍ സന്യാസി റമ്മിന്റെ രണ്ടാമത്തെ പെഗ്ഗുമായി ഒറ്റയ്ക്കിരിക്കുകയായിരുന്നു കൃഷ്ണ എന്നറയപ്പെടുന്ന ബി.കൃഷ്ണകുമാര്‍. അന്ന് മുംബയ് പ്രസ്സ് ക്ളബ്ബിന് ഇത്ര മോടിയോ സൌകര്യങ്ങളോ ഇല്ലായിരുന്നു. റമ്മിയും ക്യാരംസുമാണ് തലമുതിര്‍ന്ന എഡിറ്റര്‍മാരുടെ സ്ഥിരം വിനോദങ്ങള്‍. വൈകുന്നരങ്ങളില്‍ വിടി സ്റഷനിലെ തിരക്കാണ് ക്ളബ്ബില്‍. വാര്‍ത്തകളുടെയും ഗോസിപ്പുകളുടേയും നിര്‍മ്മാണകേന്ദ്രമായതിനാല്‍ ആര്‍ക്കും പ്രസ്സ് ക്ളബ്ബ് ഒഴിവാക്കാനാകുമായിരുന്നില്ല.
ഫ്രീ പ്രസ്സിലെ ഫോട്ടോഗ്രാഫറായിരുന്ന ജോണിച്ചായനാണ് കൃഷണയെ പരിചയപ്പെടുത്തിയത്. മാതൃഭൂമിയിലെ പി.സി മാത്യുവും എന്നോടൊപ്പം ഉണ്ടായിരുന്നുവെന്നാണ് ഓര്‍മ്മ.ഞങ്ങള്‍ അദ്ദേഹത്തെ കെ. കെ എന്ന് ബഹുമാന പുരസരം വിളിച്ചു.
കെ.കെയുടെ സ്റോറികള്‍ അതിന്റെ സത്യസദ്ധതകൊണ്ട് വേറിട്ട് നിന്നു. അതുകൊണ്ട് തന്നെ മനോരമയ്ക്ക് കെ.കെ.യുടെ എല്ലാ സ്റോറികളും അച്ചടിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ ഉള്‍പ്പെടെയുള്ള ട്രെയിനി പിള്ളേര്‍ക്ക് കെ..കെ ധാരാളം കഥകള്‍ തന്നിട്ടുണ്ട്. മറിയ എബ്രഹാം ആയിരുന്നു അന്ന് കെ.കെ യ്ക്കൊപ്പം വീക്കിന്റെ മുംബയ് ഓഫീസിലുണ്ടായിരുന്നത്. കെ.കെയ്ക്ക് മലയാളം വായിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.
നല്ല സ്റോറിയ്ക്ക് വേണ്ടി എത്രവരെ കഷ്ടപ്പെടാനും അദ്ദേഹം തയ്യാറായിരുന്നു.മുംബയ് മുന്‍സിപ്പല്‍ കമ്മീഷണറായിരുന്ന ഖൈര്‍നാറുടെ പോരാട്ടങ്ങളില്‍ കെ.കെ നിശബദ്ധ സാന്നിധ്യമായിരുന്നു. ഖൈര്‍നാറെ മലയാളിക്ക് പരിചിതനാക്കിയത് കെ.കെ യുടെ സ്റോറികളാണ്.
കെ.കെ പ്രസ്സ് ക്ളബ്ബ് പ്രസിഡന്റായിരുന്ന കാലത്താണ് മുംബയിലെ മലയാളികളായ കുട്ടി പത്രക്കാര്‍ ക്ളബ്ബില്‍ അംഗത്വം എടുക്കുന്നത്. മലയാളികള്‍ക്ക് അംഗത്വം നല്‍കുന്നതിന് വേണ്ടി ക്ളബ്ബിന്റെ ബോര്‍ഡ് മീറ്റിംഗുകളില്‍ കെ.കെ ശക്തിയായി വാദിച്ചു. 12 രൂപയ്ക്ക് ഒരു പെഗ്ഗ് റം കിട്ടുമെന്നതാണ ് മലയാളികളെ ക്ളബ്ബിലേക്ക് ആകര്‍ഷിച്ചത്.
സൌമ്യതയായിരുന്നു കെ.കെയുടെ മുഖമുദ്ര. രോഗപീഠകള്‍ ദുരിത ദിനങ്ങള്‍ തീര്‍ത്തപ്പോഴും അദ്ദേഹം സൌമ്യനായിരുന്നു. ഏക മകന്റെ മരണം കെ.കെ യെ നിലക്കാത്ത ദുഖത്തിലാഴ്ത്തി. അവസാനകാലത്ത് കെ.കെ തികച്ചും ഒറ്റപ്പെട്ടതുപോലെ തോന്നിയിരുന്നു.
മുംബയിലെ മലയാളികളായ പത്രക്കാര്‍ക്ക് കെ.കെ യെമറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ സൌഹൃദം അവര്‍ക്ക് ആശ്വാസത്തിന്റെ തണലായിരുന്നു. തന്നാലാവും വിധം അദ്ദേഹം എല്ലാവരേയും സഹായിച്ചു. ടൈംസ് ഓഫ് ഇന്ത്യയിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം മനോരമയില്‍ ചേര്‍ന്നത്. ആ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.
വേദനയുടെ തീക്കടല്‍ താണ്ടിയാണ് കെ.കെ മരണത്തിലേക്ക് നടന്നടുത്തത്. പ്രീയപ്പെട്ട കെ.കെ അങ്ങേയ്ക്ക് ആദരാജ്ഞലികള്‍.