Friday, January 8, 2010

അനിയന്‍ എന്ന അത്ഭുതം



'കാള്‍ വൈശാഖി'യാണ് സമീപകാലത്തായി മേഫെയറിലെ പ്രധാന ചര്‍ച്ചാവിഷയം. കെ.എസ് അനിയന്റെ പുതിയ നോവലാണ് 'കാള്‍ വൈശാഖി'. ജനശക്തിയിലാണ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ലക്കങ്ങളും വായിക്കാന്‍ കഴിഞ്ഞില്ല. കെ. എസ് അനിയന്റെ കടുത്ത ആരാധകനായ രാജന്‍ചേട്ടനാണ് നോവലിന്റെ ചില ലക്കങ്ങള്‍ തന്നത്.

ബംഗാളിലെ വേനലില്‍ പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും അപ്രതീക്ഷിതമായി പെയ്യുന്ന മഴയുമാണ് കാള്‍ വൈശാഖി. ഗൃഹാതുരത്വമുണര്‍ത്തുന്ന പേര്. ബംഗാളിന്റെ ഭൂമിക മലയാളിക്ക് അന്യമല്ല. സി.വി ശ്രീരാമന്റെയും മറ്റും കഥകളില്‍ നാമത് കണ്ടതാണ്.തിരഞ്ഞെടുത്ത പദാവലിയുടെ അനുക്രമമായ വിന്യാസത്തിലൂടെ ബംഗാളിന്റെ പശ്ചാത്തലം ഒരു ക്യാന്‍വാസിലെന്നപോലെ വരച്ചിടാന്‍ അനിയന് കഴിഞ്ഞിട്ടുണ്ട്.

സുഖദമായ വായനാനുഭവമാണ് കാള്‍ വൈശാഖി പ്രദാനം ചെയ്യുന്നത്. എങ്കിലും കഴിഞ്ഞവര്‍ഷത്തെ ഏറ്റവും നല്ല നോവലുകളുടെ പട്ടികയില്‍ കാള്‍ വൈശാഖി ഉള്‍പ്പെടുമോ എന്ന് എനിക്ക് സംശയമുണ്ട്.വീണ്ടും വീണ്ടും നോവലിലേക്ക് മടങ്ങിവരാന്‍ പ്രേരിപ്പിക്കുന്നതോ, ആവര്‍ത്തനവായനയിലൂടെ മാത്രം വ്യക്തമാക്കപ്പെടുന്നതോ ആയ അര്‍ത്ഥതലങ്ങള്‍ ഈ നോവലിനില്ല. അനിയന്റെ ബിംബങ്ങളും രൂപകല്‍പ്പനകളും പലപ്പോഴും അരോചകമാവുന്നു. നിരാലംബമായി മലര്‍ന്നുകിടക്കുന്ന റോഡിന്റെ നെഞ്ചില്‍ പകലിന്റെ തീ വെളിച്ചം പുളയുന്നു എന്ന വിവരണത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. റോഡിന്റെ നെഞ്ച് എന്നത് പോലെ അപക്വമായ ഒട്ടേറെ പ്രയോഗങ്ങള്‍ ഈ നോവലില്‍ ഉടനീളമുണ്ട്. വെയില്‍ ഒരു ഒബ്സെഷന്‍ പോലെ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു. വേഗത്തില്‍ ഓടിമറയുന്ന കാഴ്ചകള്‍ക്ക് മീതെ വെയില്‍ വെളിച്ചത്തിന്റെ തിരശ്ശീലയിളക്കുന്നുവെന്ന വിവരണം, നിറം മങ്ങിയതും അനവസരത്തിലുള്ളതുമാണ്. വെയില്‍ വെളിച്ചത്തിന്റെ തിരശ്ശീലയിളക്കുന്നുവെന്ന് എഴുതാന്‍ അസാധാരണ ചങ്കൂറ്റം വേണം. തിരശ്ശീല എന്നതുകൊണ്ട് അനിയന്‍ എന്താണാവോ അര്‍ത്ഥമാക്കുന്നത്?

' ജീവിതം എന്ന അത്ഭുതം' വായിച്ചപ്പോഴാണ് അനിയനെന്ന എഴുത്തുകാരനെ ഞാന്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞത്.മരണത്തിന് മുമ്പില്‍ പകച്ചുപോകുന്ന ഒരുപറ്റം മനുഷ്യരുടെ വ്യഥകളാണ് അനിയന്‍ പകര്‍ന്നു വയ്ക്കുന്നത്. ഡോക്ടര്‍ ഗംഗാധരനെന്ന മഹാമനുഷ്യസ്നേഹിയുടെ കളങ്കരഹിതമായ നേര്‍കാഴ്ചകളാണ് ജീവിതം എന്ന അത്ഭുതത്തെ അതുല്യമാക്കുന്നത്. ക്യാന്‍സര്‍ വാര്‍ഡിലെ മരണത്തിന്റെ ഭീതിതമായ സാന്നിധ്യം,ഒരു നിലയ്ക്കാത്ത നിലവിളി പോലെ ജീവിതം എന്ന അത്ഭുതത്തെ ചൂഴ്ന്ന് നില്‍ക്കുന്നു.

തന്റെ കണ്‍മുമ്പില്‍ ഞെട്ടറ്റു വീഴുന്ന ജീവിതങ്ങളുടെ തുടിപ്പുകളത്രയുമേറ്റുവാങ്ങി, വിനയാന്വിതനാകുന്ന വി.പി ഗംഗാധരനെന്ന ഡോക്ടറെ വായനക്കാരന് ഒരിക്കലും മറക്കാന്‍ കഴിയില്ല.മാറ്റമില്ലാത്ത മരണത്തിന്റ നിശ്ചയത്തിന് മുമ്പില്‍ ഡോക്ടര്‍ നിസ്സഹായനാകുന്നു.ഇവിടെ എഴുത്തുകാരനും നിശബ്ദനായ പ്രേക്ഷകന്റെ കൂട്ടത്തിലേക്ക് ചുവടുമാറുന്നു. കുനിഞ്ഞ ശിരസ്സുമായി മരണത്തിലേക്ക് നടന്നടുക്കുന്ന വിളറിയ ജീവിതങ്ങളെ, ചോരപടര്‍ന്ന വാക്കുകളുടെ ക്യാന്‍വാസിലാണ് അനിയന്‍ കോറിയിടുന്നത്. സ്വന്തം ജീവിതാനുഭവങ്ങളാണ്, അനന്തതയെ സ്പര്‍ശിക്കുന്ന വാക്കുകളിലേക്ക് അന്യന്റെ ദുഖത്തെ ആവാഹിക്കാന്‍ അനിയന് പ്രേരണയായതെന്ന് രാജന്‍ ചേട്ടന്‍ പറഞ്ഞു.

വായനക്കാരന്റെ മനസ്സില്‍ ആഴത്തിലുള്ള നൊമ്പരചാലുകള്‍ കീറിക്കൊണ്ടാണ് ഓരോ കഥാപാത്രങ്ങളും ജീവിതത്തില്‍ നിന്ന് ഇറങ്ങി പോകുന്നത്. എനിയ്ക്കിത് സംഭവിച്ചില്ലല്ലോ എന്ന ആശ്വാസവും മറ്റൊരാള്‍ക്ക് സംഭവിച്ചതിലുള്ള ആകാംഷയുമാണ് ദുരന്തകഥകളെ പ്രീയപ്പെട്ടതാക്കുന്നത്. ലോകസാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത് ദുരന്തകഥകളാണ്. അന്യന്റെ ദുഖമറിയാനുള്ള മനുഷ്യന്റെ അടങ്ങാത്ത അത്യാര്‍ത്തിക്ക് ഉദാഹരണമായി ദുരന്ത സാഹിത്യം ലോകമെമ്പാടും വായിക്കപ്പെടുന്നു. ഇത്തരത്തില്‍ മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഏതൊരു കൊടുമുടിയ്ക്കൊപ്പവും തലയെടുപ്പോടെ നില്‍ക്കും, ജീവിതം എന്ന അത്ഭുതം.

മരണത്തെ മാറ്റിയെവഴുതാന്‍ മനുഷ്യന്റെ കണ്ടെത്തലുകള്‍ക്ക് ഇനിയുമായിട്ടില്ലെന്ന് ഈ പുസ്തകത്തിന്റെ താളുകളില്‍ പിടയുന്ന ഓരോ ജീവിതവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അഹങ്കാരം നിറഞ്ഞ ആഹ്ളാദങ്ങളില്‍ സ്വയം മറക്കുമ്പോള്‍ ജീവിതം എന്ന അത്ഭുതം ആവര്‍ത്തിച്ചു വായിക്കുന്നത് നന്ന്. അത് നിങ്ങളെ ജീവിതത്തിന്റെ അനശ്ചിതത്വം ബോധ്യപ്പെടുത്തും.

ദുരന്തത്തിന്റെ കയങ്ങളിലേക്ക് ആഴ്ന്ന് പോകുന്നവര്‍ക്ക് ആശ്വാസത്തിന്റെ തിരിനീട്ടാന്‍ വെമ്പല്‍ കൊള്ളുമ്പോഴും, വിധിമാറ്റിയെഴുതാന്‍ തനിക്കാവില്ലല്ലോ എന്ന് ഖേദിക്കുന്ന ഒരു ഡോക്ടറുടെ സഹാനുഭൂതിയാണ് ഈ പുസ്കതത്തെ മികച്ച വായനാനുഭവമാക്കുന്നത്. തന്റെ കൈകളിലൂടെ പിടഞ്ഞു വീഴ്ന്നു ജീവിതങ്ങളുടെ അവസാന നിശ്വാസങ്ങള്‍ ഏറ്റുവാങ്ങി ഓരോ തവണയും അദ്ദേഹം തളരുന്നത് വായനക്കാരന്‍ തൊട്ടറിയുന്നു. നൊമ്പരകാഴ്ചകളുടെ മരണമുഖത്ത് തൊഴുകൈകളോടെ അദ്ദേഹം നില്‍ക്കുകയാണ്.

ജീവിതത്തിന്റെ പെരുവഴിയില്‍ കാലിടറി വീഴ്ന്ന ഒരു കൂട്ടം മനുഷ്യര്‍. അവസാനത്തെ വഴിയമ്പലത്തില്‍ വച്ച് ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ ലാഭനഷ്ടങ്ങളുടെ കോളം കൂട്ടുമ്പോള്‍ നഷ്ടങ്ങളുടെ പെരുക്കപ്പട്ടികയില്‍ ചോര പൊടിയുന്നു. അവസാനത്തെ സഹയാത്രികരുടെ കളങ്കരഹിതമായ സൌഹൃദം.എല്ലായാത്രകളും ഒരേ ലക്ഷ്യത്തിലേക്കാണ്. പൊങ്ങച്ചങ്ങളോ പൊള്ളത്തരങ്ങളോയില്ല.അല്ലെങ്കില്‍ തന്നെ ഈ ലോകത്തെ അവസാന നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ജീവിതത്തിന്റെ പതിവ് രീതികള്‍ നിരര്‍ത്ഥകമാവുന്നു.വാടി വീഴുന്ന ആ ജീവിതങ്ങളിലേക്ക് ഒരു പ്രാര്‍ത്ഥനാ ദൂരത്ത് നിന്നുകൊണ്ട് അനിയന്‍ എത്തിനോക്കുകയാണ്. കണ്ണീരിന്റെ നനവുപടര്‍ന്ന അക്ഷരങ്ങളിലൂടെയാണ് ഞാനവരുടെ ജീവിതം വായിച്ചത്. അല്‍പ്പം മുമ്പ് വരെ ഇവരും നമുക്കൊപ്പം ഉണ്ടായിരുന്നുവെന്ന് നൊമ്പരത്തോടെയല്ലാതെ ആര്‍ക്കാണ് ഓര്‍ക്കാന്‍ കഴിയുക.

മരണമുനമ്പിലും വിപണനസാദ്ധ്യതകള്‍ തേടുന്നവര്‍ക്ക് ഈ രോഗികളേയും ഡോക്ടറെയും തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല. മുത്തയ്യ മുരളീധരന്റെ പന്തില്‍ യുവരാജ് സിംങ്ങിനെ മഹിലാ ജയവര്‍ദ്ധനെ ക്യാച്ചൌട്ടാക്കിയതോര്‍ത്ത് മൂഡോഫാകുന്ന ഇന്നത്തെ ചെന്ത് പിള്ളേര്‍ക്ക് അന്യന്റെ ദുഖങ്ങളറിയാന്‍ സമയമില്ല. എങ്കിലും മനസ്സിന്റെ ഉറവുകള്‍ വറ്റാത്ത നല്ല സഹൃദയര്‍ക്ക് ജീവിതം എന്ന അത്ഭുതം നിതാന്ത വേദനപകരുന്ന വായനാനുഭവം പകര്‍ന്നു നല്‍കും.

No comments:

Post a Comment