
പതിവ് പോലെ 2008 മാര്‍ച്ച് ഒന്നിന് 'ഏഷ്യന്‍ ഏജിന്റെ' സ്ഥാപക എഡിറ്ററും'ഡക്കണ്‍ ക്രോണിക്കളിന്റെ എഡിറ്റര്‍-ഇന്‍-ചീഫുമായ എം.ജെ അക്ബര്‍ ഡല്‍ഹിയിലെ തന്റെ ഓഫീസിലേക്ക് കാറോടിച്ചു വരികയായിരുന്നു. പെട്ടന്നാണ് അദ്ദേ ഹത്തിന്റെ ബ്ളാക്ക് ബറി ഫോണില്‍ തുടരെ തുടരെ എസ്.എം.എസ്സുകള്‍ വരാന്‍തുടങ്ങിയത്. തന്റെ പത്രത്തിന്റെ മാസ്റര്‍ ഹെഡ് പരിശോധിക്കാനാണ് മെസ്സേജുകളില്‍ ആവശ്യപ്പെട്ടിരുന്നത്.
അന്ന് ഇറങ്ങിയ ഏഷ്യന്‍ ഏജിന്റെയും ഡക്കണ്‍ ക്രോണിളിന്റെയും മാസ്റര്‍ ഹെഡ്ഡില്‍ തന്റെ പേരില്ലെന്ന് അത്ഭുതത്തോടെ അദ്ദേഹം തിരിച്ചറിഞ്ഞു.ഒറ്റ രാത്രി കൊണ്ട് പത്രാധിപരായ എം.ജെ. അക്ബെറിന്റെ പേര് ഈ പത്രങ്ങളുടെ മാസ്റര്‍ഹെഡ്ഡില്‍ നിന്ന് അപ്രത്യക്ഷമായി. പകരം പബ്ലിഷറായ ടി.വെങ്കിട്ട് റാം റെഡ്ഡിയുടെ പേര് അവിടെ സ്ഥാനം പിടിച്ചു.
സമീപകാല പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഏറ്റവും ക്രൂരവും നിന്ദ്യവുമായ പുറത്താക്കല്‍. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഇത്രവലിയ അപമാനം അക്ബറിന് സഹിക്കേണ്ടി വന്നിട്ടില്ല.ആദര്‍ശാത്മക പത്രപ്രവര്‍ത്തനത്തിന്റെ അവസാന കണ്ണികളിലൊന്നാണ് എം.ജെ.അക്ബര്‍.താന്‍ വളര്‍ത്തിയെടുത്ത പത്രത്തില്‍ നിന്ന് അദ്ദേഹത്തെ ആട്ടിയിറക്കിയപ്പോള്‍, അപമാനഭാരത്താല്‍ രാജ്വത്തെ മാധ്യമരംഗം ശിരസ്സ് കുനിച്ചു.
പത്രപ്രവര്‍ത്തകരിലെ ജീവിച്ചിരിക്കുന്ന ലെജന്‍ഡ് എന്ന് വിശേഷിപ്പിക്കാവുന്ന അക്ബറിന് മാന്യമായ ഒരു യാത്രയപ്പ് പോലും ലഭിച്ചില്ല.
ഓഫീസിലെത്തി വളരെ പെട്ടെന്ന് തന്നെ സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ് തന്റെ പുസ്തകങ്ങളും മറ്റും എടുത്ത് അക്ബര്‍ പുറത്തിറങ്ങി. സഹപ്രവര്‍ത്തകരില്‍ പലരും വിതുന്പുകയായിരുന്നുവെന്നാണ് അന്ന് അവിടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞത്. എം.ജെ എന്ന പേരില്‍ സഹപ്രവര്‍ത്തകരക്കിടയില്‍ അറിയപ്പെട്ട അദ്ദേഹം, അവര്‍ക്ക് അത്രക്ക് പ്രീയപ്പെട്ട പത്രാധിപരായിരുന്നു. മറയില്ലാത്ത പെരുമാറ്റവും വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമാണ് അദ്ദേഹത്തെ അവരിലൊരാളാക്കി നിലനിര്‍ത്തിയത്.
എം.ജെ ഇല്ലാത്ത ഓഫീസില്‍ ജോലിചെയ്യാനാവില്ലെന്ന് പറഞ്ഞ് രാജിക്കൊരുങ്ങിയ ചിലരെ അദ്ദേഹം തന്നെ പിന്‍തിരിപ്പിച്ചു. ആദര്‍ശത്തിന്റെ പേരില്‍ എഡിറ്ററോടൊപ്പം രാജിവച്ച് പുറത്തുപോകുന്ന പത്രപ്രവര്‍ത്തകരുടെ സംഘം, മുന്പ് ദേശീയ പത്രങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ആശയപരമായും അല്ലാതെയും സഹപ്രവര്‍ത്തകരുമായി ആത്മബന്ധം പുലര്‍ത്തുന്ന പത്രാധിപന്മാര്‍ ഇന്ന് നമുക്കില്ല. മലയാള പത്രപ്രവര്‍ത്തനത്തില്‍ ഇത്തരം സംഭവങ്ങള്‍ ആശ്ചര്യകരമായേക്കാം.എങ്കിലും കലാകൌമുദിയില്‍ നിന്ന് എം.ജയചന്ദ്രന്‍ നായര്‍ പിരിഞ്ഞുപോയപ്പോള്‍, കൂടെ പുറപ്പെടാന്‍ തയ്യാറായ ഏതാനും സഹപ്രവര്‍ത്തകരെ പറ്റി എം.പി നാരായണപിള്ള പറഞ്ഞതോര്‍ക്കുന്നു.
അരുണ്‍ ഷൂറി, ദിലീപ് പഡ്ഗോംങ്കര്‍, ബി.ജി വര്‍ഗ്ഗീസ്, വി.കെ നരസിംഹന്‍ തുടങ്ങിയ പ്രമുഖ എഡിറ്റര്‍മാരെല്ലാം അക്ബറിന്റെ മുന്‍ഗാമികളായി മുതലാളിമാരുടെ അപ്രീതിക്ക് പാത്രമായവരാണ്. നട്ടെല്ലുള്ള എഡിറ്റര്‍മാരെ ആവശ്യമില്ലെന്ന പത്രഉടമകളുടെ പ്രഖ്യാപനത്തിന് അടിവരയിടുന്ന അവസാന ഉദാഹരണമായി എം.ജെ അക്ബര്‍. എഡിറ്റര്‍മാരുടെയോ, ആശയങ്ങളുടെയോ പേരിലല്ല, കോപ്പികളുടെ എണ്ണത്തിലാണ് പത്രങ്ങള്‍ അറിയപ്പെടേണ്ടത് എന്ന് വിശ്വസിക്കുന്ന മുതലാളിത്വ സംസ്ക്കാരം മാധ്യമരംഗം കീഴടക്കി കഴിഞ്ഞു. പത്രാധിപന്മാരുടെ പേരില്‍ പത്രങ്ങള്‍ അറിയപ്പെട്ടിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നുവെന്ന് ഓര്‍ക്കാന്‍തന്നെ അവര്‍ ഇഷ്ടപ്പെടുന്നില്ല.
ഫ്രാങ്ക് മൊറൈസ്, ചലപതി രാജു, കസ്തൂരി രംഗ ഐയ്യര്‍,പോത്തന്‍ ജോസഫ്, പ്രേം ഭാട്ടിയ,ഗിരിലാല്‍ ജെയിന്‍,പ്രേം ശങ്കര്‍ ഝ തുടങ്ങിയ പേരുകള്‍ കേട്ടിരിക്കുന്ന പത്രപ്രവര്‍ത്തകര്‍ തന്നെ ചുരുക്കമായിരിക്കുന്നു.ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ടെലിഗ്രാഫ്, ദ സ്റെയ്റ്റ്സ്മെന്‍, ഡി.എന്‍.എ എന്നീ പത്രങ്ങളിലെ പത്രാധിപന്മാരുടെ പേരുകള്‍ അറിയാവുന്ന എത്ര വായനക്കാരുണ്ട്? പ്രധാനമന്ത്രി കഴിഞ്ഞാല്‍, രാജ്വത്തെ നേര്‍വഴിക്ക് നടത്താനുള്ള കടമ തന്റെ മേല്‍ നിക്ഷിപ്തമായിരിക്കുകയാണെന്ന് വിശ്വസിച്ച വ്യക്തിയാണ് 80-കളില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്ററായിരുന്ന ദിലീപ് പട്ഗോംങ്കര്‍.ഭരണ കക്ഷിയെ ക്രീയാത്മകമായി വിമര്‍ശിക്കേണ്ടത് പ്രതിപക്ഷമല്ല, മറിച്ച് കഴിവും ഉത്തരവാദിത്വവുമുള്ള പത്രപ്രവര്‍ത്തകരാണെന്ന് അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരെ പഠിപ്പിച്ചു.
ടെലിവിഷന്റെ അതിപ്രസരത്തോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. അര്‍ദ്ധനഗ്ന സുന്ദരികളുടെ ചിത്രങ്ങള്‍ നിറച്ച പുള്‍ ഔട്ടുകള്‍ കൊണ്ട് രാജ്വത്തെ പ്രമുഖ പത്രങ്ങള്‍ , ടി.വി പ്രദാനം ചെയ്യുന്ന കാഴ്ചയുടെ നിറചാര്‍ത്തിനോട് മത്സരിക്കുകയാണ്. ഇലക്ട്രോണിക്ക് മീഡിയായുടെ വെല്ലുവിളികളെ നേരിടാന്‍ അവര്‍ക്ക് പത്രാധിപന്മാരെ ആവശ്യമില്ല.
അക്ബറുടെ കാര്യമാണ് പറഞ്ഞുവന്നത്. 'സണ്‍ഡേ വീക്കിലി' ആരംഭിച്ചത് അദ്ദേഹമാണ്.അതിന് മുന്പ് 'ടെലിഗ്രാഫിന്റെ' എഡിറ്ററായിരുന്നു.ഏഴു പുസ്തകം എഴുതിയിട്ടുണ്ടെന്നാണ് ഓര്‍മ്മ.ലോകസഭാംഗമായിരുന്ന ശേഷം 15 വര്‍ഷം മുന്പ് ഏതാനും സുഹൃത്തുക്കളുമായി ചേര്‍ന്ന് 'ഏഷ്യന്‍ ഏജ്' ആരംഭിച്ചു.ഇന്ത്യയിലെ എല്ലാ മെട്രോപോളിറ്റന്‍ നഗരങ്ങളിലും ലണ്ടനിലും എഡിഷനുണ്ടായിരുന്നു. ഒരു പത്രത്തെ സംബന്ധിച്ച് എത്ര ധീരമായ ചുവടുവയ്പ് !!
ഏഷ്യന്‍ ഏജില്‍ പരസ്യങ്ങള്‍ കുറവായിരുന്നു. പക്ഷേ വിഭവസമൃദ്ധമായ വായനക്ക് ഏറെയുണ്ടായിരുന്നു.അക്ബര്‍ മുഖം നോക്കാതെ ഭരണകക്ഷിയെ എതിര്‍ത്തു. പിന്നീട് പത്രത്തിന്റെ പങ്കാളിയായ റെഡ്ഡിയുടെ അപ്രീതിക്ക് കാരണമായതും അതാണ്. രാഷ്ട്രീയ താത്പര്യങ്ങള്‍ ഏറെയുണ്ടായിരുന്ന റെഡ്ഡി എപ്പോഴും ഭരണകകഷിയോട് ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിച്ചു. റെഡ്ഡിയുടെ രാഷ്ട്രീയ മോഹത്തിന് വിലയായി ഭരണകക്ഷി ആവശ്യപ്പെട്ടത് അക്ബറിന്റെ ശിരസ്സായിരുന്നു. പണവും പദവിയും മുഖ്യലക്ഷമായപ്പോള്‍, ഒരിക്കല്‍ തന്റേതുമാത്രമായിരുന്ന പത്രത്തിന്റെ തലപ്പത്തുനിന്ന് അക്ബറുടെ പേര് വെട്ടിമാറ്റപ്പെട്ടു. സാമൂഹികവും സാംസ്ക്കാരികവുമായി അക്ബറെക്കാള്‍ നിസ്സാരനായൊരു ധനികന്‍ പൊറുക്കാനാവാത്തൊരു തെറ്റിലൂടെ ഇന്ത്യന്‍ പത്രപ്രവര്‍ത്തന മേഖലയ്ക്ക് നിത്യമായ അപകീര്‍ത്തി വരുത്തി.
ഇന്നദ്ദേഹം 'കവര്‍ട്ട്' മാസിക നടത്തുകയാണ്. നേരിന്റെ തീ നാന്പുകള് തന്റെ ഉള്ളില് ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് കവര്‍ട്ടിന്റെ ലക്കങ്ങള് തെളിയിക്കുന്നു.
വിഡ്ഡികള്‍ അരങ്ങു തകര്‍ക്കുന്ന ആധുനിക ഇന്ത്യന് പത്രപ്രവര്‍ത്തന രംഗത്ത് അക്ബറുടെ' ബൈലൈന്' എക്കാലവും ഒളിമങ്ങാതെ നിലനില്‍ക്കുമെന്നതില്‍ സംശയമില്ല.



