Friday, January 29, 2010

ജോണ്‍എബ്രഹാം: മലയാള സിനിമയുടെ ഹിറ്റ്ലര്‍


ഏകാകിയായ ഒരു കൊടുങ്കാറ്റായാണ് ജോണ്‍ എബ്രഹാം മലയാള സിനിമയിലേക്ക് കടന്നു വന്നത്.മടക്കവും അങ്ങിനെതന്നെയായിരുന്നു.സിനിമയിലെ ഒട്ടേറെ സൌഹൃദങ്ങള്‍ക്കിടയിലും ജോണ്‍ ഒറ്റയാനായിരുന്നു.
എന്‍റെ സിനിമയുടെ ഹിറ്റ്ലര്‍ ഞാന്‍ മത്രമാണെന്ന് പറയുന്ന ചങ്കുറപ്പ് അന്നുവരെ മലയാള സിനിമക്ക് അന്യമായിരുന്നു.
അലക്കിതേച്ച നമ്മുടെ കപടമാന്യതകളെ തന്‍റെ മുഷിഞ്ഞുനാറുന്ന കുര്‍ത്തയും മദ്യം മണക്കുന്ന വാക്കുകളും കൊണ്ട് അദ്ദേഹം പ്രതിരോധിച്ചു. നാലു സിനിമകളും മൂന്ന് ഡോക്ക്യുമെന്ററികളും കൊണ്ട് അദ്ദേഹം മലയാള സിനിമയുടെ മാനസപുത്രനായി.
ജോണിനെ സുഹൃത്തുക്കള്‍ മദ്യശാലകളില്‍ നിന്ന് മദ്യശാലകളിലേക്ക് ഒരു ആഘോഷം പോലെ ചുമന്നുകൊണ്ട് പോകുമായിരുന്നുവെന്ന് കെ.എന്‍ ഷാജിയുടെ പുസ്തകത്തില്‍ പറയുന്നു. പക്ഷെ തന്റേതുമാത്രമായ നിമിഷങ്ങളിള്‍ പ്രതിഭയുടെ വിങ്ങലേറ്റ് വിറകൊണ്ട ജോണിന്റെ നൊന്പരമറിയാന്‍ ആര്‍ക്കും കഴിഞ്ഞില്ല.സിനിമയോടുള്ള പൂര്‍ണ്ണസമര്‍പ്പണമാണ് സമകാലീനരില്‍ നിന്ന് ജോണിനെ വ്യത്യസ്തനാക്കിയത്.മദ്യലഹരിയില്‍ ജോണ്‍ തന്റെ പ്രതിഭ ധൂര്‍ത്തടിച്ചു.തിരക്കഥയില്ലാതെ സിനിമയെടുത്തുകൊണ്ട് തന്റെ കഴിവിന് ജോണ്‍ അടിവരയിട്ടു.
സിനിമയാണ് എന്റെ എല്ലാം എന്ന് ഇടയ്കിടെ പറയുമായിരുന്നെങ്കിലും, സിനിമയെടുക്കാന്‍ വേണ്ട അച്ചടക്കം അദ്ദേഹം നഷ്ടപ്പെടുത്തി. അതുകൊണ്ടാണ് ലോകസിനിമയിലെ തന്നെ ഏറ്റവും ഉജ്വലമാവേണ്ടിയിരുന്ന അമ്മഅറിയാനും ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും അവഗണിക്കപ്പെട്ടത്.
ക്യാനില്‍ തന്റെ സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ മുന്‍ സീറ്റിലിരുന്ന് ജോണ്‍ തന്നെ കൂവി.അങ്ങിനെ ചെയ്യാന്‍ തനിക്ക് മാത്രമേ അവകാശമുള്ളൂവെന്ന് ജോണ്‍ വിശ്വസിച്ചു.
കോഴിക്കോട്ടെ ഒരുവീടിന്റെ ടെറസ്സില്‍ നിന്ന് വീണ് അഞ്ജാത ജഡമായി ജോണ്‍ അശുപത്രിയില്‍ കിടന്നു.പ്രതിഭയുള്ള മഹാനായ മറ്റൊരു കലാകാരനും ഇത്ര ദാരുണമായ മരണം ഉണ്ടായിരിക്കില്ല.എനിക്കുറങ്ങാന്‍ മേല്‍കൂര വേണ്ട ആകാശത്തിന് ചുവട്ടില്‍ എവിടെകിടന്നും എനിക്കുറങ്ങാന്‍ കഴിയുമെന്ന് ജോണ്‍ ഇടയ്ക്കെല്ലാം പറയുമായിരുന്നത് അക്ഷരാര്‍ത്ഥത്തില്‍ സത്യമായി.

No comments:

Post a Comment