Thursday, October 20, 2011

വാര്‍ധക്യ പ്രണയത്തിന്റെ വൃഥാ വിലാപങ്ങള്‍



പേരിലൊഴികെ പ്രണയമില്ലാത്ത ബ്ളസ്സി ചിത്രം വ്യത്യസ്ഥത പുലര്‍ത്താനുള്ള കൃത്രിമ ശ്രമങ്ങളില്‍ പരാജയമടയുന്നതിന്റെ ദയനീയ ഉദാഹരണമായി നിലനില്‍ക്കുന്നു.
മഞ്ഞും മരങ്ങളും നിഴലും നിലാവും കടലും ആശയ സമ്പുഷ്ടമാകുമെന്ന മിഥ്യധാരണയിലാണ് ചിത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതുമയില്ലാത്ത ആശയവും കരുത്തില്ലാത്ത തിരക്കഥയും ചിത്രത്തെ കൂടുതല്‍ ശുഷ്ക്കമാക്കുന്നു. പത്മരാജന് പഠിക്കുന്ന ബ്ളസ്സി സിനിമയുടെ ബാലപാഠങ്ങള്‍ ഇനിയും ആറിയേണ്ടിയിരിക്കുന്നു.
വാര്‍ദ്ധക്യ പ്രണയത്തന്റെ വിലകുറഞ്ഞ വ്യാപാരങ്ങളിലാണ് സിനിമ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. മാംസ നിബന്ധമല്ലാത്ത പ്രണയം മലയാള സിനിമക്ക് പുതുമയുള്ള വിഷയമല്ല. പക്ഷേ ഇവിടെ പ്രണയം പോലും അവ്യക്തമായി മാത്രമേ പരാമര്‍ശിക്കപ്പെടുന്നുള്ളൂ. നായികയ്ക്ക് മുന്‍ ഭര്‍ത്താവിനോട് തോന്നുന്നത് പ്രണയമാണോ സഹതാപമാണോ എന്ന് സംവിധായകന് പോലും തീര്‍ച്ചയില്ല.
പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും അസ്തമിച്ച്, മരണത്തിന്റെ കാലൊച്ചകള്‍ക്ക് കാതോര്‍ക്കുന്ന വൃദ്ധരായ നായകന്മാര്‍ക്ക് തങ്ങളുടെ നായികയോട് തോന്നുന്ന വികാരമെന്താവാം?അത് പ്രണയമാണെന്ന് സ്ഥാപിക്കാനുള്ള വിഫല ശ്രമമാണ് സംവിധായകന്‍ നടത്തുന്നത്. ജീവിതത്തിന്റെ അന്ത്യനാളുകളില്‍ രണ്ടു നായകന്മാര്‍ ചേര്‍ന്ന് ഒരു നായികയെ പങ്കു വയ്ക്കുന്ന ഉട്ടോപ്യന്‍ ആശയങ്ങള്‍ ആധുനിക കാലത്ത് സിനിമയില്‍ ആവിഷ്ക്കരിക്കാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം.ഒരു വശം തളര്‍ന്ന് അര്‍ദ്ധ പ്രാണനായി കിടക്കുന്ന മാത്യൂസിന്റെ ഭാര്യയാണ് ഗ്രേസി.സാധാരണ പൈങ്കിളി സിനിമകളില്‍ സംഭവിക്കാറുള്ളതു പോലെ അവരുടെ മുന്‍ഭര്‍ത്താവ് ഒരു ദിവസം അതേ ഫ്ളാറ്റില്‍ താമസിക്കാന്‍ വരുന്നു. ലിഫ്റ്റില്‍ വച്ച് മുന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കണ്ടു മുട്ടുന്നതോടെയാണ് കഥയാരംഭിക്കുന്നത്. ഉപേക്ഷിച്ച ഭാര്യയോട് അയാള്‍ക്ക് ഷോക്കടിക്കുന്നതുപോലെ പ്രണയം ഉണ്ടാകുകയാണ്. ഇത്ര കാലവും അവര്‍ എവിടെയാണെന്ന് പോലും അന്വേഷിക്കാത്ത നായകന് പെട്ടെന്ന് അവരുടെ സാമീപ്യം അത്യന്താപേക്ഷിതമാകുകയാണ്. നിലവിലുള്ള ഭര്‍ത്താവ് മാത്യൂസിന് അക്കാര്യത്തില്‍ സന്തോഷമേയുള്ളൂ.മുന്‍ ഭര്‍ത്താവിനെ കാണാന്‍ ഭാര്യ പോകുന്നതില്‍ അയാള്‍ അനിര്‍വ്വചനീയമായ ആഹ്ളാദം അനുഭവിക്കുന്നു. സമീപകാലത്തൊന്നും ഇത്തരം വിഡ്ഡിത്തങ്ങള്‍ മലയാള സിനിമയില്‍ ഇറക്കുമതി ചെയ്യപ്പെട്ടിട്ടില്ല.
രണ്ടു നായകന്മാരും രോഗികളായി ദിവസങ്ങമെളോളം ആശുപത്രിയില്‍ കിടക്കുന്ന സീനുകള്‍ അരോചകമായ രീതിയില്‍ തിരുകി കയറ്റിയിട്ടുണ്ട്. ചിത്രത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദ്യേശം മാത്രമേ ഈ സീനുകള്‍ക്കുള്ളൂ. മോശപ്പെട്ട ഒരു തിരകഥ എങ്ങിനെ വലിച്ചു നീട്ടാമെന്നതിന് ഉത്തമ ഉദാഹരണമാണിത്.

ഓര്‍ത്തിരിക്കുവുന്ന ഒരു സീനോ അഭിനയ മുഹൂര്‍ത്തമോ ഈ ചിത്രത്തിലില്ല. മോഹന്‍ലാല്‍ എന്ന നടന്‍ ചിത്രത്തിലുടനീളം വെറുമൊരു നിര്‍ജ്ജീവ വസ്തുമാത്രമാണ്. കഴിവുള്ള നടനെ ശവമായി അവതരിപ്പിക്കുന്നത് മഹാകാര്യമായി ബ്ളസ്സി പലയിടത്തും ഉയര്‍ത്തികാട്ടുന്നുണ്ട്. ഒരു നടനെ സിനിമയിലുടനീളം തളര്‍ത്തി കിടത്താന്‍ സന്തോഷ് പണ്ടിറ്റുമാരുടെ ആവശ്യമേയുള്ളൂ.

No comments:

Post a Comment